പത്തനംതിട്ട: ഗവി ഫോറസ്റ്റ് സ്റ്റേഷനിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കടുത്ത നടപടികളുമായി സർക്കാർ. കേസിൽ ആരോപണ വിധേയനായ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് മാത്യുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അതിനിടെ മനോജ് മാത്യു ഒളിവിൽ പോയി.വനിതാ വാച്ചറുടെ പരാതിയിൽ പെരിയാർ റേഞ്ച് ഓഫീസർ അഖിൽ ബാബു പ്രാഥമിക അന്വേഷണം നടത്തി സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് കേസിലെ പ്രതിയായ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് മാത്യുവിനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തിരുന്നു. വനിതാ വാച്ചറുടെ പീഡന പരാതിയിൽ മൂഴിയാർ പോലീസ് കേസ് എടുത്തതിന് പിന്നാലെയാണ് സർക്കാർ നടപടി. ഇതു കൂടാതെ സംഭവത്തിൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വകുപ്പ് മേധാവിക്ക് കർശന നിർദ്ദേശം നൽകി. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗവി ഫോറസ്റ്റ് സ്റ്റേഷനിൽ താൽക്കാലിക വനിതാ വാച്ചറായി ജോലി ചെയ്ത് വരികയാണ് പരാതിക്കാരി.ബുധനാഴ്ച പതിവുപോലെ സഹപ്രവർത്തകനായ വാച്ചർക്കൊപ്പം ഭക്ഷണം ഉണ്ടാക്കുമ്പോൾ അടുക്കളയിലെത്തിയ മനോജ് മാത്യു അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ എടുത്തു തരാൻ സ്റ്റോർ റൂമിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഇതു വിശ്വസിച്ച് എത്തിയ പരാതിക്കാരിയെ ഇയാൾ സ്റ്റോർ റൂമിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ കരച്ചിൽ കേട്ട് ഭക്ഷണം ഉണ്ടാക്കാൻ ഒപ്പമുണ്ടായിരുന്ന വാച്ചർ ഓടിയെത്തി. വനിതാ വാച്ചർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇയാളെ തള്ളി മാറ്റി ഡപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് മാത്യു വീണ്ടും യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചു. ഇതിനിടെ യുവതി പ്രാണരക്ഷാർഥം, കുതറി മാറി പുറത്തേക്ക് ഓടി. തുടർന്ന് രക്ഷപ്പെട്ട യുവതി സഹപ്രവർത്തകരുടെ സഹായത്തോടെയാണ് പരാതി നൽകിയത്.