കൊച്ചി: ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് ഇ പി ജയരാജന്‍ പരിഭ്രമിക്കുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
സിപിഎം നേതാക്കള്‍ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അപമാനിക്കുകയാണ്. നടി എന്തോ ഗൂഢാലോചന നടത്തി തെരഞ്ഞെടുപ്പ് കാലത്ത് കേസ് കൊടുത്തു എന്ന മട്ടിലാണ് ഇ പി ജയരാജന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ആളാണ്. അങ്ങനെയെങ്കില്‍ ഒരു അന്വേഷണം അതിനും നടത്തിക്കോ. നിങ്ങളുടെ കയ്യില്‍ പൊലീസും സംവിധാനങ്ങളുമില്ലേയെന്നും വി ഡി സതീശന്‍ ചോദിച്ചു.
ആരെങ്കിലും ഏതെങ്കിലും ആവശ്യത്തിന്റെ പുറത്ത് ഇടപെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചോ?. ഇ പി ജയരാജന്‍ എന്തും പറയുന്ന ആളാണ്. മാന്യമായി ജീവിക്കുന്നവരെ അപമാനിക്കാന്‍ വേണ്ടി പണ്ട് ചില ആളുകള്‍ ചിലരെ പറഞ്ഞുവിടും. അതുപോലെ മുഖ്യമന്ത്രി പിണറായി വിജയന് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ പറയാന്‍ പറഞ്ഞുവിടുന്ന ഒരാളെന്ന ഗൗരവം മാത്രമാണ് ഇ പി ജയരാജന് യുഡിഎഫ് നല്‍കുന്നുള്ളൂ. കേസ് തുടങ്ങിയ അന്നു മുതല്‍ നല്ല രീതിയില്‍ അന്വേഷണം പോകുന്നു എന്ന വിശ്വാസത്തിലായിരുന്നു കേരളത്തിലെ ജനങ്ങളെല്ലാം. അന്വേഷണത്തെക്കുറിച്ച് പരാതിയില്ലാത്തതിനാല്‍ അന്ന് ഇതേക്കുറിച്ച് യുഡിഎഫ് ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല.
എന്നാല്‍ സമീപകാലത്താണ് പെട്ടെന്ന് അന്വേഷണം ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നത്. അന്വേഷണത്തെ വഴിതിരിച്ചു വിട്ട്, അന്വേഷണത്തെ ദുര്‍ബലപ്പെടുത്തി പൊലീസിന്റെ ഫ്യൂസ് ഊരിയത് ആരാണ്?. പെട്ടന്നല്ലേ കേസന്വേഷണം ദുര്‍ബലമായത്. കേരളത്തിലെ അരിയാഹാരം കഴിക്കുന്ന എല്ലാ ആളുകള്‍ക്കും അറിയാവുന്നതാണ്, അന്വേഷണം ദുര്‍ബലപ്പെടുത്താനുള്ള ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന്. അതു വളരെ വ്യക്തമാണ്. നിരവധി തെളിവുകള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ആക്രമിക്കപ്പെട്ട നടി കോടതിയെ സമീപിച്ചതിന് യുഡിഎഫിനെ പഴി ചാരുന്നത് എന്തിനാണെന്നും വി ഡി സതീശന്‍ ചോദിച്ചു.
നടിക്ക് നേരിട്ട, അവരുടെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ തിക്താനുഭവം ഇനി മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്നു കരുതിയുള്ള നിയമ പോരാട്ടത്തിന് സര്‍ക്കാരും പൊതു സമൂഹവും പിന്തുണ കൊടുക്കുകയാണ് വേണ്ടത്. യുഡിഎഫ് അതിജീവിതക്കൊപ്പമാണ്. യുഡിഎഫ് നടിക്ക് പൂര്‍ണ പിന്തുണ നല്‍കും. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ നടിക്ക് പരാതി നല്‍കാന്‍ പോലുമാകില്ലേ. അതിനെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കുന്നതെന്തിനാണ്. സിപിഎം നേതാക്കള്‍ നടിയെ വീണ്ടും അപമാനിക്കുകയാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി