നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് രാവിലെ ഒന്‍പതിന് തുറക്കും; തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കുക




 
തിരുവനന്തപുരം: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. ഡാമിന്റെ നാല് ഷട്ടറുകളാണ് ഉയര്‍ത്തുന്നത്. ഇന്ന് രാവിലെ ഒന്‍പത് മണിക്കാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. 

ഓരോ ഷട്ടറും 20 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. ആകെ 80 സെന്റിമീറ്റര്‍ ഉയര്‍ത്തുമെന്നും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 

തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ കനത്ത മഴയാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി.

അതിനിടെ സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയും, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് ഇന്ന് യെല്ലോ അലര്‍ട്ട്. 

തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീന ഫലമായി കാലവര്‍ഷത്തിന് മുന്നോടിയായയുള്ള മഴയും ഈ ദിവസങ്ങളില്‍ കിട്ടും. മധ്യ കേരളത്തിലും, വടക്കന്‍ കേരളത്തിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് കൂടുതല്‍ സാധ്യത.
أحدث أقدم