ഇസ്ലാമബാദ്: പുതുതായി അധികാരത്തിൽ എത്തിയ പാകിസ്ഥാൻ സർക്കാരിനെതിരെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ ആസാദി മാർച്ച് പിൻവലിച്ചു. മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് അദ്ദേഹം സമരം പിൻവലിച്ചതായി പ്രഖ്യാപിച്ചത്. ആറ് ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും ഇല്ലെങ്കിൽ താൻ വീണ്ടും ഇസ്ലാമബാദിലേക്ക് സമരവുമായി എത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്ന് തനിക്കൊപ്പം രാജ്യം മുഴുവനുമുണ്ടെന്നും പിടിഐ ചെയർമാൻ വ്യക്തമാക്കി. ഇറക്കുമതി ചെയ്ത ഭരണകൂടത്തിന്റെ ചെയ്തികൾക്കെതിരെയും ഇമ്രാൻ ഖാൻ രംഗത്തുവന്നിട്ടുണ്ട്. പിടിഐ നടത്തിയ മാർച്ച് നിർത്തുന്നതിനായി റെയിഡുകളും മറ്റ് പരിശോധനകളും സംഘടിപ്പിച്ചതിനായിരുന്നു വിമർശനം. അതേസമയം, തന്നെ ഈ വിഷയം പരിഗണിച്ച സുപ്രീം കോടതിക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തുവെന്ന് പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, മാർച്ചിനിടെ അക്രമാസക്തരായ അനുയായികൾ മെട്രോ സ്റ്റേഷന് തീയിട്ടു. ആയിരക്കണക്കിന് ആളുകളാണ് ഇമ്രാൻ ഖാൻ്റെ റാലിയിൽ പങ്കെടുത്തിരിക്കുന്നത്. പോലീസ് ബാരിക്കേറ്റുകളും മറ്റും മറികടക്കാൻ ശ്രമിച്ചതോടെ ചർച്ച അക്രമാസക്തമാകുകയും ചെയ്തിരുന്നു. അക്രമാസക്തരായ സമരക്കാർ പാകിസ്ഥാനിലെ ചൈന ചൗക്ക് മെട്രോ സ്റ്റേഷൻ കത്തിക്കുകയും ചെയ്തു. ഡി ചൗക്കിലേക്ക് നയിക്കുന്ന ജിന്ന അവന്യൂവിലെ നിരവധി മരങ്ങളും കുറ്റിച്ചെടികളും പിഴുതെറിയുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലിൽ പാക് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഇമ്രാൻ ഖാൻ, പുതിയ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് 'സമാധാനപരമായ' പ്രതിഷേധ റാലിക്കായി ഇസ്ലാമാബാദിലെ ഡി-ചൗക്കിൽ ഒത്തുകൂടാൻ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തിരുന്നു. രാജ്യതലസ്ഥാനത്ത് പ്രതിഷേധ റാലി നടത്തുന്നത് സുപ്രീം കോടതി അധികാരികളോട് നിർദേശിക്കുകയും ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധത്തിന് ആഹ്വാനമുണ്ടായത്. കള്ളന്മാർക്ക് അധികാരം നല്‍കുന്നതിലും നല്ലത് പാകിസ്ഥാനില്‍ അണുബോംബ് ഇടുന്നതാണ് എന്നാണ് ഇമ്രാന്‍ പറഞ്ഞിരുന്നു. ഇതിന് പുറമെ, രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഭരണകൂടത്തിനെതിരെ കടുത്ത വിമർശനമാണ് ഉണ്ടായിരിക്കുന്നത്.