ഒരു വര്‍ഷം ആഘോഷിക്കുന്ന പിണറായി സര്‍ക്കാരിന് ലഭിക്കുന്ന താക്കീതും ഷോക്ക് ട്രീന്റ്മെന്റുമാവണം തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലമെന്നും ആന്‍റണി പറഞ്ഞു.
പിണറായി വിജയന് തുടര്‍ ഭരണം കൊടുത്തതിന്റെ ദുരന്തമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ജയിക്കാന്‍ സാധിച്ചാല്‍ രാജാവ് പറയുന്നത് മറ്റുള്ളവര്‍ അനുസരിക്കുകയെന്ന അവസ്ഥ വരും, ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ക്ക് ശബ്ദമില്ലാത്തവരായി പ്രവര്‍ത്തിക്കേണ്ടിവരും.
പിന്നീട് വരാനിരിക്കുന്നത് ഏകാധിപത്യത്തിന്റെയും ധിക്കാരത്തിന്റെയും ആര്‍ഭാടത്തിന്റെയും കാലമായിരിക്കും.
സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ തീരുമാനങ്ങള്‍ അനുസരിക്കുന്ന അനുയായികളെപ്പോലെ ആത്മാഭിമാനം നഷ്ടപ്പെട്ട് ഘടകക്ഷികള്‍ക്ക് പ്രവര്‍ത്തിക്കേണ്ടിവരും.
സി.പി.എം പ്രവര്‍ത്തകരും നേതാക്കളും ശ്രദ്ധിക്കണം. കാരണം കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ ബ്രാഞ്ച് തലം മുതല്‍ സംസ്ഥാന തലം വരെ കഴിവുള്ള നിരവധി നേതാക്കളെ തഴഞ്ഞിട്ടുണ്ട്.
ഈ തെരഞ്ഞെടുപ്പ് ജയിച്ചുകഴിഞ്ഞാല്‍ ഇനിയും അവര്‍ തഴയപ്പെടും.
ഒരു നല്ല തോല്‍വി കിട്ടിയാലെ പിണറായി പാഠം പഠിക്കൂ. അതുകൊണ്ടുതന്നെ തഴയപ്പെട്ട സി.പി.എം നേതാക്കളും ആത്മാഭിമാന ഭയമുള്ള ഘടകക്ഷി നേതാക്കളും സി.പി.എമ്മിന് താക്കീത് നല്‍കാന്‍ യു.ഡി.എഫിന് വോട്ടുനല്‍കണം.
സി.പി.എമ്മിന്റെ അഹങ്കാരത്തിന്റെ മുനയൊടിക്കേണ്ടത് അത്യാവശ്യമാണ്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചാല്‍ മാത്രം പോര. ഇടതുപക്ഷത്തിന്റെ വോട്ട് കാര്യമായി തന്നെ കുറയ്ക്കണം. അങ്ങനെയെങ്കില്‍ സി.പി.എമ്മിന്റെ ഏകാധിപത്യ ശൈലിക്കും അക്രമത്തിനും ധാര്‍ഷ്ട്യത്തിനും മാറ്റമുണ്ടാക്കാന്‍ സാധിക്കും.
എല്‍ഡിഎഫിനെ വെറുതെ തോല്‍പ്പിച്ചാല്‍ പോരാ അന്തസായി, ചെണ്ടകൊട്ടി തോല്‍പ്പിക്കണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
വെള്ളപ്പൊക്കം, വിലക്കയറ്റം, തകര്‍ന്ന റോഡ് തുടങ്ങിയ പ്രശ്നങ്ങളൊക്കെ സംസ്ഥാനത്ത് നിലനില്‍ക്കുന്നു.
ഇത്തരത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ മന്ത്രിസഭ ഒന്നാകെ ഉത്തരവാദിത്തങ്ങള്‍ വലിച്ചെറിഞ്ഞ് തൃക്കാക്കരയില്‍ വന്നുനില്‍ക്കുകയാണ്.
ഇപ്പോള്‍ ഭരണം കലക്ടര്‍മാരെ ഏല്‍പ്പിച്ചിരിക്കുന്നു. മന്ത്രിസഭക്ക് ഭീഷണിയില്ലാത്ത തിരഞ്ഞെടുപ്പില്‍ അങ്ങനെ ചെയ്യരുത്.
ഇത് ക്രിമിനല്‍ കുറ്റമാണ്.
എല്ലാ വികസനവും നടപ്പാകുമ്പോള്‍ ആക്ഷേപിച്ചവരാണ് ഇടത് മുന്നണി. രൂക്ഷമായ വിലകയറ്റത്തില്‍ കേരളം പൊറുതി മുട്ടുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നൊരു നടപടിയും ഉണ്ടാകുന്നില്ല.
കേരളത്തിലെ വികസന വിരോധികള്‍ സി.പി.എമ്മാണെന്നും അതില്‍ പ്രധാനപ്പെട്ട പങ്ക് വഹിച്ച ആളാണ് പിണറായി വിജയനെന്നും എ.കെ ആന്റണി വിമര്‍ശിച്ചു.