ആന്ധ്രയില്‍ മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് തീയിട്ടു; വ്യാപക അക്രമം




ആന്ധ്രയില്‍ മന്ത്രിയുടെ വീടിന് തീയിട്ട് പ്രതിഷേധം
 

അമരാവതി: ആന്ധ്രയില്‍ മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് തീയിട്ടു. മന്ത്രി വിശ്വരൂപന്റെ അമലാപുരത്തെ വീടിനും പൊന്നാട സതീഷിന്റെയും വീടുകളാണ് തീയിട്ടത്. കോനസീമ ജില്ലയുടെ പേര് അംബേദ്കര്‍ കോനസീമ എന്നാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധധത്തിനൊടുവിലാണ് മന്ത്രിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.

തന്റെ വീടീന് നേരെ ആക്രമണമുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പ്രതികരിച്ചു. പേരുമാറ്റിയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളുമുണ്ടെങ്കില്‍ 30 ദിവസത്തിനകം കളക്ടര്‍ക്ക് സമര്‍പ്പിക്കാനും സമയം നല്‍കിയിരുന്നു. കോനസീമ ജില്ലയുടെ പേര് അതേരീതിയില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടാണ് ഒരുവിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കോനസീമ ജില്ല സാധനസമിതിയുടെ നേതൃത്വത്തില്‍ നൂറ് കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍പൊലീസ് സംഘത്തെ വിന്യസിച്ചു. പ്രതിഷേധക്കാരില്‍ ചിലരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. വിവിധ പാര്‍ട്ടികളുടെ അഭ്യര്‍ഥനമാനിച്ചാണ് ജില്ലയുടെ പേര് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് അവര്‍ നിലപാട് മാറ്റുകയായിരുന്നെന്നും ആക്ഷേപമുണ്ട്.


أحدث أقدم