ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം; ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു






മലപ്പുറം : ഗുഡ്സ് ഓട്ടോയിലുണ്ടായ സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. മലപ്പറം പെരിന്തൽമണ്ണയിലാണ് സംഭവം. തൊണ്ടിപറമ്പിൽ മുഹമ്മദും(52) ഭാര്യ ജാസ്മിനും(37) ഇവരുടെ ഇളയ കുഞ്ഞ് സഫയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂത്ത മകൾ ഇർഫാനയെ(അഞ്ച്) കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോയുടെ അടുത്തേക്ക് ഭാര്യയെയും കുട്ടികളെയും മുഹമ്മദ് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനമുണ്ടായതോടെ സമീപത്തെ കിണറ്റിലേക്ക് ചാടിയ മുഹമ്മദും മരണപ്പെടുകയായിരുന്നു. 
ഇന്ന് രാവിലെ 11.30ഓടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 

കുടുംബ പ്രശ്നം കാരണ കുറച്ചു കാലമായി ജാസ്മിൻ സ്വന്തം വീട്ടിലായിരുന്നു. ഇന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെന്ന വ്യാജേന മുഹമ്മദ് എത്തുകയായിരുന്നു. ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും ഓട്ടോറിക്ഷയിൽ കയറ്റിയശേഷം ഡോർ മുഹമ്മദ് ലോക്ക് ചെയ്തു. ഇതിന് ശേഷം ഇയാൾ പുറത്തിറങ്ങി സ്ഫോടകവസ്തുക്കൾക്ക് തീകൊളുത്തുകയായിരുന്നുവെന്നാണ് സൂചന.

ജാസ്മിന്‍റെ സഹോദരിമാർ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ മുഹമ്മദിന്‍റെ വസ്ത്രത്തിലും തീപിടിച്ചതോടെ ഇയാൾ സമീപത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മൂത്തമകൾ ഇർഫാനയെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.


أحدث أقدم