വീണ്ടും ചരിത്രമെഴുതി മെയ് ദിനം പാമ്പാടി ചെങ്കടലായി ..


പാമ്പാടി :പതിനായിരങ്ങൾ വിവിധ വർണങ്ങളിൽ അണിനിരന്ന വർണശബളമായ റാലി. കാഴ്ചക്കാരായി റോഡിനിരുവശവും കെട്ടിടങ്ങളുടെ മുകളിലു മായി കൊച്ചു കുട്ടികളും മാതാപിതാക്കളും വയോജനങ്ങളുമുൾപ്പടെ പതിനായിരക്കണക്കിനാളുകൾ.കോവിഡിന്റെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന മെയ്ദിനം ഉത്സവമാക്കിയ പാമ്പാടിയിൽ മെയ് ദിനാഘോഷത്തിൽ ആവേശം അലതല്ലി. ചാഞ്ഞും ചെരിഞ്ഞും പറന്ന പരുന്തും വിവിധ കലാരൂപങ്ങളും വൈവിധ്യങ്ങളാർന്ന പ്ലോട്ടുകളും എല്ലാം റാലി മികവാർന്നതാക്കി. വനിത പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മാറിയ റാലിയിൽ പ്രായഭേദമന്യേ തൊഴിലാളി കുടുംബങ്ങൾ ഒന്നടംഗം അണി നിരന്നു. ആനുകാലിക വിഷയങ്ങൾ ചൂട്ടിക്കാട്ടി കേന്ദ്ര ഭരണകൂടത്തിനെതിരെ അനവധി  പ്ലോട്ടുകൾ അണിനിരന്നത് ശ്രദ്ധേയമായി. പത്ത് ലോക്കലുകളിൽ നിന്നായി സി ഐ ടി യു , എൻ ആർ ഇ ജി , ഡി വൈ എഫ് ഐ, കെ സി ഇ യു , എസ് എഫ് ഐ, പ്രവർത്തകർ പ്രത്യേക ബാനറിന് കീഴിൽ അണിനിരന്നു. പാമ്പാടി ആലാംപള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി പാമ്പാടി ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ എം രാധാകൃഷ്ണൻ അധ്യക്ഷനായി. റാലിയിൽ മികച്ച രീതിയിൽ അണിനിരന്ന് വിജയം കരസ്ഥമാക്കിയ കമ്മിറ്റികൾക്കുള്ള പുരസ്കാരം സി ഐ റ്റി യു ജില്ലാ സെക്രട്ടറി റ്റി ആർ രഘുനാഥ് കൈമാറി.സിപിഐഎം ജില്ലാ സെക്രട്ടറി എ വി റസൽ , സംസ്ഥാന കമ്മിറ്റി അംഗം അഡ്വ .കെ അനിൽകുമാർ , ജില്ലാ കമ്മിറ്റി അംഗം ടി സി മാത്തുക്കുട്ടി , ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ്, സിഐടിയു ഏരിയാ സെക്രട്ടറി കെ എൻ വിശ്വനാഥൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ ജെ അനിൽകുമാർ , കെ ബി പ്രസാദ്, ഏരിയ സെന്റർ അംഗങ്ങളായ എ ജി രവീന്ദ്രൻ, ഇ കെ കുര്യൻ , ഇ എസ് സാബു എന്നിവർ സംസാരിച്ചു. എൽഐസിയെ വിറ്റു തുലയ്ക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ തൊഴിലാളി പ്രവർത്തകർ പ്രതിജ്ഞ ചൊല്ലി.സ്വാഗത സംഘം സെക്രട്ടറി അഡ്വ. റെജി സഖറിയ സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം വി എം പ്രദീപ് നന്ദിയും പറഞ്ഞു. തുടർന്ന് ജെ എൻ യു വിദ്യാർത്ഥികൾ അവതരിപ്പിച്ച തീപ്പാട്ട് സംഗീത പരിപാടി അരങ്ങേറി.
أحدث أقدم