കാബൂൾ: അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കുകൾ വന്നതോടെ രഹസ്യ സ്കൂളുകൾ സജീവമാകുന്നുവെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമായ ബിബിസി ന്യൂസാണ് ഇത്തരത്തിൽ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താലിബാൻ ഭരണകൂടത്തിന്റെ കണ്ണിൽപെടാതെ പഠിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ രഹസ്യ സ്കൂളുകൾ തുടങ്ങിയിരിക്കുന്നത്. അഫ്ഗാനിലെ ഏതാനും ചില അധ്യാപകരും വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഡസൺ കണക്കിന് കൗമാരക്കാരികളായ പെൺകുട്ടികളാണ് ഇത്തരത്തിൽ കണക്ക് ക്ലാസുകൾക്ക് എത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ എല്ലാം പ്രവശ്യകളിലും പെൺകുട്ടികളുടെ ഉപരിപഠനങ്ങൾക്ക് താലിബാൻ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനെ മറികടന്നാണ് ഈ ധീരമായ നടപടിയുണ്ടായിരിക്കുന്നത്. "ഭീഷണികളെക്കുറിച്ച് ഞങ്ങൾക്കറിയാം, ഞങ്ങൾ അവയെക്കുറിച്ച് ആശങ്കാകുലരാണ്," എന്ന് ഇത്തരത്തിൽ രഹസ്യ ക്ലാസുകൾ എടുക്കുന്ന അധ്യാപികയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം "ഏത് അപകടസാധ്യത"ക്കും അർഹമാണെന്ന് അവർ കൂട്ടിച്ചേർക്കുന്നു. ഈ സ്കൂൾ നടത്തിപ്പ് രഹസ്യമായി ചെയ്യുന്നത് തുടരുമെന്നും അധ്യാപകർ വ്യക്തമാക്കുന്നു. താലിബാൻ തല്ലുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്താലും അതിനേക്കാൾ മൂല്യമുള്ള കാര്യമാണ് തങ്ങൾ ചെയ്യുന്നത് എന്ന് കരുതുന്നുവെന്നും അധ്യാപിക വ്യക്തമാക്കി. നീലയും വെള്ളയും നിറത്തിലുള്ള ഡെസ്‌ക്കുകളുടെ നിരകളുള്ള ഒരു യഥാർത്ഥ ക്ലാസ്‌റൂമിന് സമാനമായ അന്തരീക്ഷമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും ബിബിസി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.മാർച്ച് മാസത്തിൽ, പെൺകുട്ടികളുടെ സ്കൂളുകൾ വീണ്ടും തുറക്കുന്നതായി സൂചനകളുണ്ടായിരുന്നു. എന്നാൽ, വിദ്യാർത്ഥികൾ എത്തിത്തുടങ്ങിയതോടെ ഒരു മണിക്കൂറിന് ശേഷം താലിബാൻ നേതൃത്വം വിദ്യാഭ്യാസ നയത്തിൽ മാറ്റം പ്രഖ്യാപിക്കുകയായിരുന്നു. പല പ്രൈമറി സ്കൂളുകൾ പെൺകുട്ടികൾക്കായി തുറന്ന് കൊടുത്തുവെങ്കിലും മുതിർന്ന പെൺകുട്ടികൾക്കായി സ്കൂളുകൾ തുറക്കുന്നതിന് താലിബാൻ ഇനിയും തയ്യാറായിട്ടില്ല.അതേസമയം, ചില താലിബാൻ നേതാക്കൾ പെൺകുട്ടികളുടെ സ്കൂളുകൾ തുറക്കാത്ത തീരുമാനത്തിൽ സ്വകാര്യമായി നിരാശ പ്രകടിപ്പിച്ചു. അതിനൊപ്പം തന്നെ പെൺകുട്ടികളുടെ പഠനം തടയുന്ന പല താലിബാൻ ഉദ്യോഗസ്ഥരുടേയും പെൺമക്കൾ പാകിസ്ഥാനിലും ഖത്തറിലുമായി പഠനം നടത്തുന്നുവെന്ന വിരോധാഭാസവും നിലനിൽക്കുന്നുണ്ട് എന്നും ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, താലിബാന്റെ നിലപാടിനെതിരെ പ്രതിഷേധ സ്വരങ്ങളും വിവിധ കോണുകളിൽ നിന്നുമായി ഉയർന്ന് വരുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ, താലിബാനുമായി ബന്ധമുള്ള നിരവധി മതപണ്ഡിതർ പെൺകുട്ടികളുടെ പഠിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്ന ഫത്‌വ അല്ലെങ്കിൽ മതപരമായ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.