ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്രാനുമതി നിഷേധിച്ച ഇൻഡി​ഗോയ്ക്ക് അഞ്ച് ലക്ഷം പിഴ


ന്യൂഡൽഹി: ഭിന്നശേഷിക്കാരനായ കുട്ടിക്ക് വിമാനയാത്ര നിഷേധിച്ച സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) പിഴ ചുമത്തിയത്. ഇൻഡിഗോ അധികൃതർ കുട്ടിയോട് മോശമായാണ് പെരുമാറിയതെന്ന് ഡിജിസിഎ നിരീക്ഷിച്ചു. ഗ്രൗണ്ട് സ്റ്റാഫ് കുട്ടിയോട് ദയാപൂ‍ർവം പെരുമാറിയിരുന്നെങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നാണ് ഡിജിസിഎയുടെ വിലയിരുത്തൽ. "ദയാപൂർവമുള്ള പെരുമാറ്റം ഉണ്ടായിരുന്നെങ്കിൽ കുട്ടിയുടെ അസ്വസ്ഥത മാറുകയും കുട്ടി ശാന്തനാകുകയും ചെയ്യുമായിരുന്നു. കൂടാതെ യാത്രക്കാരെ വിമാനത്തിൽ കയറുന്നത് തടഞ്ഞ നടപടി ഒഴിവാക്കുകയും ചെയ്യാമായിരുന്നു." ഡിജിസിഎ വ്യക്തമാക്കുന്നു. മെയ് ഏഴിനാണ് റാഞ്ചി വിമാനത്താവളത്തിൽ ഭിന്നശേഷിക്കാരനായ കുട്ടിക്ക് ഇൻഡിഗോ എയർലൈൻസുകാർ യാത്രാനുമതി നിഷേധിച്ചത്. മറ്റുയാത്രക്കാരുടെ സുരക്ഷ മുൻനിർത്തി കുട്ടിക്ക് യാത്രാനുമതി നൽകാനാകില്ല എന്നായിരുന്നു എയർലൈൻസുകാരുടെ നിലപാട്. കുട്ടിയുടെ കുടുംബവും മറ്റ് യാത്രക്കാരും കമ്പനിയുടെ നിലപാട് ചോദ്യം ചെയ്തപ്പോൾ ഗ്രൗണ്ട് സ്റ്റാഫ് ഇവരോട് കയ‍ർത്ത് സസാരിച്ചു. സഹയാത്രക്കാരി മനീഷ ഗുപ്തയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കുട്ടിക്ക് പിന്തുണയുമായി എത്തിയിരുന്നു. ജീവനക്കാരുടെ ഇത്തരത്തിലുള്ള നടപടി പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്നും കമ്പനിക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉടൻ തന്നെ റിപ്പോ‍ർ‍ട്ട് സമർപ്പിക്കാൻ ഇൻഡിഗോ സിഇഒയോട് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരന്റെ ഇടപെടലിൽ ഖേദം പ്രകടിപ്പിച്ച് ഇൻഡിഗോ സിഇഒ റോണോജോയ് ദത്ത രംഗത്തെത്തിയിരുന്നു. കുട്ടിക്ക് ഇലക്ട്രിക് വീൽചെയ‍ർ വാങ്ങി നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു.

أحدث أقدم