അടുത്തെങ്ങും വൈദ്യുതി പോസ്റ്റില്ല; പൊലീസ് നായ ഓടിയത് മോട്ടോര്‍പ്പുരയിലേക്ക്; പൊലീസുകാരുടെ മരണത്തില്‍ ദുരൂഹത തുടരുന്നു




 
പാലക്കാട്: പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. മുട്ടിക്കുളങ്ങര ക്യാമ്പിലെ ഹവില്‍ദാര്‍മാരായ അശോക് കുമാര്‍ (35), മോഹന്‍ദാസ് (36) എന്നിവരെയാണ് ക്യാമ്പിന് പിന്നിലെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വലിയ ഉയരത്തിലുള്ള ചുറ്റുമതിലും കനത്ത സുരക്ഷയുമുള്ള ക്യാമ്പില്‍ നിന്ന് ഇവര്‍ എങ്ങനെ പാടത്തെത്തി?, എന്തിന് പോയി എന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. 

ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഇരുവരെയും കാണാതാവുന്നത്. അതുവരെ രണ്ടുപേരും ക്യാമ്പ് ക്വാട്ടേഴ്‌സില്‍ ഉണ്ടായിരുന്നതായാണ് വിവരം. പാടത്തിന് സമീപത്തുള്ള തോട്ടില്‍ മീന്‍ പിടിക്കാനോ മറ്റോ പോയതാണോ എന്നാണ് സംശയിക്കുന്നത്. എന്നാല്‍, ഷോക്കേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ മൃതദേഹങ്ങള്‍ക്ക് സമീപത്തു കണ്ടെത്താനായിട്ടില്ല. 

50 മീറ്റര്‍ പരിധിയില്‍ വൈദ്യുതി പോസ്റ്റില്ല. പാടത്ത് വൈദ്യുതക്കമ്പികള്‍ പൊട്ടിവീണിട്ടില്ല. കൃഷി നശിപ്പിക്കുന്ന പന്നികളെ പിടികൂടാന്‍ സ്ഥലത്ത് ആളുകള്‍ കെണി ഒരുക്കാറുണ്ടെങ്കിലും അതിന്റെ തെളിവുകളും കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. 

പാടത്തുള്ള മോട്ടോർപ്പുരയിൽ നിന്നും ഏറെ ദൂരെയാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. മൃതദേഹങ്ങൾ തമ്മിൽ 60 മീറ്ററോളം അകലവുമുണ്ടായിരുന്നു. ദേഹത്തെ പൊള്ളലേറ്റ പാടുകളാണ് ഷോക്കേറ്റുള്ള മരണമാണെന്ന് പൊലീസിന് സംശയം ജനിപ്പിച്ചത്. ഷോക്കേറ്റ് മരിച്ചശേഷം ആരെങ്കിലും ഇരുവരെയും വ്യത്യസ്തസ്ഥലങ്ങളിലായി കൊണ്ടിട്ടതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. മരിച്ചവരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ഒരു ചുവന്ന കുടയും കണ്ടെടുത്തു. 

ശരീരത്തിലേക്ക് വൈദ്യുതി പ്രവഹിച്ചാണ് മരിച്ചിരിക്കുന്നതെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ പ്രാഥമിക വിലയിരുത്തൽ. കൈകളിലേക്കും കാലിലേക്കും ശക്തമായി വൈദ്യുതി പ്രവഹിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ പൊലീസ് നായ റോക്കി മണംപിടിച്ച് ഓടിയത് മോട്ടോര്‍പ്പുരയിലേക്കാണ്. മരണകാരണം സംബന്ധിച്ചും ഇവര്‍ എങ്ങനെ ക്യാമ്പിന് പുറത്തെത്തിയെന്നത് സംബന്ധിച്ചും വിശദാന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് അറിയിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തല്‍ നേരത്തെ കാട്ടുപന്നിയെ പിടികൂടിയതിന് വനംവകുപ്പിന്റെ കേസില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് കാട്ടുപന്നി, മുയല്‍ എന്നിവയെ പിടിക്കാന്‍ ഇരുമ്പു ലൈന്‍ സ്ഥാപിച്ചു വൈദ്യുതി കടത്തിവിടുന്നതിന്റെ ചില സൂചനകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.


أحدث أقدم