പാവാടയ്ക്ക് തീ പിടിച്ച്‌ പൊള്ളലേറ്റ വിദ്യാർഥിനി മരിച്ചു






കൊല്ലം : മെഴുകുതിരിയില്‍ നിന്നും പാവാടയ്ക്ക് തീ പിടിച്ച്‌ പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു.കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകളായ മിയ ആണ് മരിച്ചത്. കഴിഞ്ഞ മാസം 14 ന് രാത്രിയിലാണ് സംഭവം.

കറന്റ് പോയപ്പോള്‍ മെഴുകുതിരി എടുത്ത് കത്തിക്കവേ പാവാടയില്‍ തീ പിടിക്കുകയായിരുന്നു. ടിന്നര്‍ തുടച്ച ശേഷം മാറ്റിയിട്ടിരുന്ന വസ്ത്രമാണ് കുട്ടി ധരിച്ചിരുന്നതെന്നാണ് ലഭ്യമായ വിവരം.
ഇതാണ് പെട്ടെന്ന് തീ പിടിക്കാനുള്ള കാരണമെന്നാണ് അറിയുന്നത്.

സംഭവം നടക്കുമ്പോൾ മിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൈനാഗപ്പള്ളി റെയില്‍വേ ഗേറ്റ് ജീവനക്കാരിയായിരുന്ന മാതാവ് ലീന ഡ്യൂട്ടിയിലായിരുന്നു. രണ്ടാഴ്ച മുൻപ് പി.എസ്.സി വഴി ലീനയ്ക്കും ബിവറേജസില്‍ ജോലി ലഭിച്ചിരുന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ പരിസരവാസികള്‍ ഉടന്‍ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും സുഖംപ്രാപിച്ച്‌ വരികയുമായിരുന്നു. അതിനിടെ ഇന്നലെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.


أحدث أقدم