ഒരു പെഗ് അടിക്കാനായി നിര്‍ത്തിയിട്ടു; കുടിച്ച് പൂസായി ലോക്കോ പൈലറ്റ് ചന്തയില്‍! ട്രെയിന്‍ വൈകിയത് ഒരു മണിക്കൂര്‍; ബഹളം




 
പട്‌ന: ലോക്കോ പൈലറ്റ് മദ്യപിക്കാന്‍ പോയതോടെ ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകി. ബിഹാറിലാണ് സംഭവം. പാസഞ്ചര്‍ ട്രെയിനാണ് ലോക്കോ പൈലറ്റ് 'മിനുങ്ങാന്‍' പോയതോടെ ഒരു മണിക്കൂര്‍ കിടന്നത്. ബിഹാറിലെ ഹസന്‍പുര്‍ സ്‌റ്റേഷനിലാണ് ട്രെയിന്‍ പിടിച്ചിട്ടത്. സമസ്തിപുരില്‍ നിന്ന് സഹര്‍സയിലേക്ക് പോകുന്ന പാസഞ്ചര്‍ ട്രെയിനാണ് വൈകിയത്. യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. 

രാജധാനി എക്ര്‌സ്പ്രസ് ക്രോസ് ചെയ്യുന്നതിനാല്‍ ഈ ട്രെയിന്‍ കടന്നു പോകാന്‍ വേണ്ടി പാസഞ്ചര്‍ അല്‍പ്പനേരം പിടിച്ചിട്ടിരുന്നു. ഈ സമയത്താണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് കരണ്‍വിര്‍ യാദവ് മദ്യപിക്കാനായി പോയത്. 

രാജധാനി പോയതിന് പിന്നാലെ സിഗ്നല്‍ കാണിച്ചിട്ടും പാസഞ്ചര്‍ സ്റ്റേഷനില്‍ നിന്ന് പോകാത്തതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ കാര്യം അന്വേഷിച്ചിറങ്ങി. അതിനിടെ അകാരണമായി ട്രെയിന്‍ വൈകിയതോടെ യാത്രക്കാരും ക്ഷുഭിതരായി യാത്രക്കാരും രംഗത്തിറങ്ങി. 

പിന്നാലെ റെയില്‍വേ പൊലീസ് ലോക്കോ പൈലറ്റിനെ അന്വേഷിച്ചിറങ്ങി. ഇയാളെ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സ്‌റ്റേഷനു സമീപത്തെ ചന്തയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.
أحدث أقدم