ചത്താലും ചമഞ്ഞേ കിടക്കൂ; ട്രഷറി കാലിയാണെങ്കിലും കാറ് വാങ്ങലിന് കുറവില്ല




തിരുവനന്തപുരം: പൂച്ച പെറ്റ് കിടക്കുന്ന ഖജനാവാണെങ്കിലും അനാമത്ത് ചെലവുകള്‍ക്ക് ഒരു കുറവുമില്ല. പ്രത്യേകിച്ച്‌ പണി ഒന്നുമില്ലെങ്കിലും പത്രാസ് കുറയ്‌ക്കേണ്ട എന്ന് കരുതുന്നവരാണ് നമ്മുടെ നേതാക്കള്‍. അങ്ങനെ ഒരാളാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അദ്ദേഹത്തിന് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ ധനവകുപ്പിന്റെ അനുമതി.

ധനവകുപ്പിന്റെ അനുമതി ലഭ്യമായതോടെ ടൂറിസം വകുപ്പ് ചീഫ് വിപ്പിന് പുതിയ കാര്‍ വാങ്ങുന്നതിനുള്ള നടപടി തുടങ്ങി. 22 ലക്ഷം രൂപയോളം ചെലവ് വരുന്ന പുതിയ മോഡല്‍ വെള്ള ഇന്നോവ ക്രിസ്റ്റയാണ് ചീഫ് വിപ്പിനായി വാങ്ങുന്നത്. മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും വാഹനം അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. മുഖ്യമന്ത്രി യുടെ സുരക്ഷ പരിഷ്‌കര ണത്തിന്റെ ഭാഗമായി മുന്‍ പൊലീസ് മേധാവി ലോക് നാഥ ബെഹ്‌റ നല്‍കിയ ശുപാര്‍ശ പ്രകാരം മുഖ്യമന്ത്രി അടുത്തിടെ കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ കറുത്ത കാറിലേക്ക് മാറിയിരുന്നു. 62.5 ലക്ഷം രൂപ മുടക്കിയായിരുന്നു മുഖ്യമന്ത്രിയുടെ സുരക്ഷ ആവശ്യത്തിനായി കാറുകള്‍ വാങ്ങിയത്.

ചീഫ് വിപ്പിന് ഔദ്യോഗിക വസതിയും സര്‍ക്കാര്‍ തേടുന്നുണ്ട്. ആദ്യം ഏഴ് പേരെയാണ് ചീഫ് വിപ്പിന്റെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിച്ചത്. പിന്നിട് 18 പേരെ കൂടി നിയമിച്ചു. മന്ത്രിമാരെ പോലെ 25 പേഴ്‌സണല്‍ സ്റ്റാഫും ചീഫ് വിപ്പിനുണ്ട്. രണ്ട് വര്‍ഷം കഴിയുമ്ബോള്‍ ചീഫ് വിപ്പിന്റെ പേഴ്‌സണല്‍ സ്റ്റാഫിനും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ പോലെ പെന്‍ഷന് അര്‍ഹതയുണ്ട്.

നിയമസഭയിലാണ് ചീഫ് വിപ്പിന്റെ ഓഫിസ്. ഒരു മുറിയാണ് ചീഫ് വിപ്പിന് നിയമസഭയില്‍ അനുവദിച്ചിരിക്കുന്നത്. 25 പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ഇരിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ കുറെ പേര്‍ ചീഫ് വിപ്പിന്റെ കാഞ്ഞിരപ്പള്ളിയിലെ ഓഫിസിലും വീട്ടിലുമാ യാണ് ജോലി ചെയ്യുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ ജോസ് കെ. മാണിയുടെ കോട്ടയത്തെ ഓഫിസിലും ചീഫ് വിപ്പിന്റെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ ജോലി ചെയ്യുന്നുണ്ട് എന്ന ആക്ഷേപവും ഉയരുന്നു.

നിയമസഭ സമ്മേളിക്കുന്ന സമയത്ത് നിര്‍ണ്ണായക വോട്ടെടുപ്പുകള്‍ വരുമ്ബോള്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുക മാത്രമാണ് ചീഫ് വിപ്പിനുള്ള ജോലി. 99 അംഗങ്ങളുള്ള ഭരണപക്ഷത്തിന് നിയമസഭയില്‍ ബില്ലുകളുടെ വോട്ടെടുപ്പില്‍ വന്‍ ഭൂരിപക്ഷമുള്ളതിനാല്‍ വിപ്പിന്റെ ആവശ്യവുമില്ല. വര്‍ഷത്തില്‍ 90 ദിവസമാണ് നിയമസഭ സമ്മേളിക്കുന്നത്. അതില്‍ തന്നെ വോട്ടെടുപ്പ് വേണ്ടി വരുന്നത് പരമാവധി 50 ദിവസവും . ഈ അമ്ബത് ദിവസത്തെ ആവശ്യത്തിനാണ് കാബിനറ്റ് റാങ്കില്‍ ചീഫ് വിപ്പിനെ നിയമിക്കുന്നത്.

ചീഫ് വിപ്പിന്റെ 25 പേഴ്‌സണല്‍ സ്റ്റാഫിന് ശമ്ബളം നല്‍കാന്‍ പ്രതിമാസം വേണ്ടി വരുന്നത് 10.50 ലക്ഷം രൂപയാണ്. ഒരു വര്‍ഷം പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്ബളം മാത്രം 1.26 കോടിയാകും . കൂടാതെ ലീവ് സറണ്ടറായി ഒരു മാസത്തെ ശമ്ബളവും ലഭിക്കും. അഞ്ച് വര്‍ഷം ചീഫ് വിപ്പിന്റെ പേഴ്‌സണല്‍ സ്റ്റാഫിന് ശമ്ബളമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കേണ്ടി വരുന്നത് 6.30 കോടി രൂപയാണ്. കാലാവധി കഴിഞ്ഞാല്‍ പെന്‍ഷനും ലഭിക്കും. ഗ്രാറ്റുവിറ്റി തുടങ്ങിയ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വേറെയും ലഭിക്കും.

നിയമസഭ ഹോസ്റ്റലില്‍ എം.എല്‍ എ മാര്‍ക്ക് അനുവദിച്ചിരിക്കുന്ന ഫ്‌ളാറ്റിലാണ് ചീഫ് വിപ്പ് താമസിക്കുന്നത്. അദ്ദേഹത്തിനായി വാടകക്ക് ഔദ്യോഗിക വസതി കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിരി ക്കുകയാണ്. ചീഫ് വിപ്പിന് മന്ത്രി മന്ദിരം പോലെ നഗരത്തില്‍ വിട് നിര്‍മ്മിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്ബോള്‍ അമ്ബത് ദിവസം വിപ്പു കൊടുക്കുക എന്നാവശ്യത്തിനായി കാബിനറ്റ് റാങ്കില്‍ ചീഫ് വിപ്പിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.

ഒരു ഫയലും പോലും പരിശോധിക്കുന്ന ജോലിയില്ലാതെ പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി ഇരിക്കുന്ന ജോലി മാത്രമാണ് ചീഫ് വിപ്പിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെന്നര്‍ത്ഥം. 4 ലക്ഷം കോടി മൊത്ത കടബാധ്യതയുള്ള സംസ്ഥാനം അടിയന്തിരമായി ഇതു പോലുള്ള അനാവശ്യ ധൂര്‍ത്തുകള്‍ ഒഴിവാക്കണം. ശ്രീലങ്ക നമ്മുടെ മുന്നില്‍ ഒരു വലിയ പാഠമായി നില്‍ക്കുന്നുണ്ട്.


أحدث أقدم