മന്ത്രിമാരുടെ പേരിൽ വ്യാജ വാട്സ്ആപ് സന്ദേശങ്ങൾ; തട്ടിപ്പിനു പിന്നിൽ നൈജീരിയൻ സംഘമെന്ന് പൊലീസ്

 


തിരുവനന്തപുരം: മന്ത്രിമാരുടെ വ്യാജ വാട്സ് ആപ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പിനു ശ്രമിച്ചത് നൈജീരിയൻ സംഘം. സൈബർ പൊലീസിന്റെ അന്വേഷണത്തിലാണ് കണ്ടെത്തൽ. സർക്കാർ വെബ്സൈറ്റുകളിൽ നിന്നാണ് ജീവനക്കാരുടെ നമ്പർ സംഘത്തിന് കിട്ടുന്നതെന്നും പൊലീസ് പറയുന്നു.മന്ത്രിമാരുടെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പിന് ശ്രമം നടക്കുന്നത്. വ്യവസായ മന്ത്രി പി.രാജീവിന്റെയും ധനമന്ത്രി കെ എൻ ബാലഗോപാലിന്റെയും പേരിലാണ് വ്യാജ അക്കൗണ്ടുകൾ. സംസ്ഥാനത്ത് സ്ഥിരം തട്ടിപ്പ് നടത്തുന്ന നൈജീരിയൻ സംഘങ്ങൾക്കു പിന്നാലെയാണ് പൊലീസ് അന്വേഷണം. ഇതുവരെ സാധാരണക്കാരെ ലക്ഷ്യമിട്ടിരുന്ന തട്ടിപ്പ് സംഘങ്ങൾ മന്ത്രിമാരിലേക്കും എത്തിയത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. മന്ത്രിമാരുടെ ഫോട്ടോ ഡിപി ആയുള്ള വാട്സ്ആപ് അക്കൗണ്ടിൽ നിന്നാണ് ജീവനക്കാർക്ക് സന്ദേശങ്ങൾ വരുന്നത്. ആദ്യം കുശലാന്വേഷണം. പിന്നെ ആമസോൺ പേ ഗിഫ്റ്റ് കാർഡ് അടക്കമുള്ള സാമ്പത്തിക കാര്യങ്ങളിലേക്ക് സംഭാഷണം വഴിമാറും. അക്കൗണ്ട് വിവരങ്ങളും ചോദിക്കും. ഇതോടെയാണ് ജീവനക്കാർക്ക് സംശയം തോന്നിയത്. 84099 05089 എന്ന നമ്പറിൽ നിന്നാണ് വ്യവസായ മന്ത്രിയുടെ ഫോട്ടോ ഡി.പി ആയി നൽകി സന്ദേശങ്ങൾ അയച്ചത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടത്. 97615 57053 എന്ന നമ്പർ ഉപയോഗിച്ചാണ്   ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ ഡി പി യുള്ള വാട്സ് ആപ് അക്കൗണ്ടിന്റെ പ്രവർത്തനം. ധനവകുപ്പിലെ നിരവധി ജീവനക്കാർക്ക് സന്ദേശം ലഭിച്ചു.  വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച് സന്ദേശങ്ങൾ അയച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര വകുപ്പിനോട് വ്യവസായ മന്ത്രി ആവശ്യപ്പെട്ടിരുന്നു.


أحدث أقدم