സെക്രട്ടറിയേറ്റിൽ പൊതുജനം കയറേണ്ട ;കർശന നിയന്ത്രണമേർപ്പെടുത്തി സർക്കാർ






തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുള്ളിൽ പൊതുജനങ്ങൾ കയറുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തി പിണറായി സർക്കാർ. സെക്രട്ടറിയേറ്റിലും അനക്സ്-1, അനക്സ് 2 എന്നിവിടങ്ങളിലും അക്സസ് കൺട്രോൾ സിസ്റ്റം സ്ഥാപിക്കുന്ന പശ്ചാത്തലത്തിലാണ് ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

 മന്ത്രിമാർ, അവരുടെ ഓഫീസ് സ്റ്റാഫുകൾ, സെക്രട്ടറിയേറ്റിനുള്ളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളിലെ ജീവനക്കാർ, മുൻകൂട്ടി അനുമതി ലഭിക്കുന്ന ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർക്ക് മാത്രമേ ഇനി പ്രവേശനം സുഗമമാകൂ. പരാതികളും നിവേദനങ്ങളും നൽകാൻ എത്തുന്നവരെയും മാധ്യമ പ്രവർത്തകരെയും കർശന പരിശോധനയ്ക്ക് ശേഷം അകത്തേക്ക് പ്രവേശിപ്പിച്ചാൽ മതിയെന്നാണ് പുതിയ നിർദ്ദേശം.  

അക്സസ് കൺട്രോൾ സിസ്റ്റം വരുന്നതോടെ സെക്രട്ടേറിയേറ്റിനുള്ളിൽ പ്രവേശിക്കണമെങ്കിൽ പൊതുജനങ്ങൾ സന്ദർശക റൂമിൽ നിന്ന് ഐ.ഡി കാർഡ് വാങ്ങണം. എവിടെയാണ് പോകേണ്ടതെന്നും ആഗമനോദ്ദേശ്യവും സന്ദർശക റൂമിലെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തും. തുടർന്ന് സന്ദർശകന്റെ ഫോട്ടോയെടുത്തതിനു ശേഷം ഐ.ഡി കാർഡ് നൽകും. കാർഡ് അക്സസ് കൺട്രോൾ സിസ്റ്റത്തിൽ സ്വൈപ് ചെയ്യും. ഈ കാർഡ് കഴുത്തിലണിഞ്ഞ് മാത്രമേ പൊതുജനങ്ങൾക്ക് സെക്രട്ടേറിയേറ്റിനുള്ളിൽ പ്രവേശനം അനുവദിക്കൂ. 

നിശ്ചിത സമയത്തിന് ശേഷം സെക്രട്ടറിയേറ്റിനുള്ളിൽ സമയം ചെലവഴിച്ചാൽ അതിക്രമിച്ചു കടക്കൽ എന്ന കുറ്റകൃത്യം ചുമത്തപ്പെടും.

ഒരു ദിവസം സെക്രട്ടറിയേറ്റിനുള്ളിൽ പ്രവേശിപ്പിക്കാവുന്ന പൊതുജനങ്ങളുടെ എണ്ണം നിജപ്പെടുത്തും. എത്ര അത്യാവശ്യക്കാരായാലും ആ എണ്ണത്തിന് ശേഷം വരുന്നവർക്ക് പ്രവേശനം നൽകില്ല. എത്ര സന്ദർശകരെ ഒരു ദിവസം സെക്രട്ടേറിയേറ്റിൽ പ്രവേശിക്കാൻ അനുമതി നൽകാം എന്ന കാര്യം ചീഫ് സെക്രട്ടറിയാണ് തീരുമാനിക്കുക.

നിലവിൽ വൈകുന്നേരം മൂന്നു മുതൽ അഞ്ചു വരെയാണ് പൊതുജനങ്ങളെ സെക്രട്ടേറിയേറ്റിൽ കയറാൻ അനുവദിക്കുന്നത്. സെക്രട്ടേറിയേറ്റിലെ നാല് സന്ദർശക റൂമിൽ നിന്ന് പാസ് നൽകിയാണ് പ്രവേശനം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പരാതികൾ സമർപ്പിക്കാനും തങ്ങളുടെ പരാതികളിൽ മേൽ എടുത്ത നടപടി അന്വേഷിച്ച് സെക്രട്ടേറിയേറ്റിലെ വിവിധ വകുപ്പുകളിലേക്കുമാണ് പൊതുജനങ്ങൾ എത്തുന്നത്.

 കാസർഗോഡ് മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് നൂറു കണക്കിന് പേരാണ് പല തരം അപേക്ഷകളുമായി സെക്രട്ടേറിയേറ്റിൽ എത്തുന്നത്. മൂന്നുമണിക്ക് ലഭിക്കുന്ന പാസുമായി സെക്രട്ടറിയേറ്റിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ചാലും മന്ത്രിമാരെയോ ഉദ്യോഗസ്ഥരെയോ കാണാൻ കഴിയുന്നില്ലെന്നാണ് ഇവരുടെ പരാതി. പലപ്പോഴും ഈ സമയത്ത് സെക്രട്ടേറിയേറ്റ് കോമ്പൗണ്ടിലെ കാന്റിനിലും കോഫി ഹൗസിലും ചായ കുടിക്കാൻ ജീവനക്കാർ പോകുന്നതിനാൽ ഉദ്യോഗസ്ഥരിൽ പലരും കസേരയിൽ കാണില്ല. ചായ കുടി കഴിഞ്ഞ് തിരിച്ചെത്തുന്ന ഉദ്യോഗസ്ഥരെ കണ്ട് വന്ന കാര്യം തിരക്കി സന്ദർശകർ മടങ്ങി പോകുമ്പോൾ അഞ്ചു മണിയെങ്കിലും കഴിഞ്ഞിരിക്കും. ഒരുദിവസം കൊണ്ട് കാര്യം നടക്കാതെ വരുന്ന പലരും സെക്രട്ടേറിയേറ്റ് പരിസരത്തെവിടെയെങ്കിലും തങ്ങി പിറ്റേദിവസം വീണ്ടും ഈ സർക്കസ് തുടരുകയാണ് പതിവ്.

മുൻ കാലങ്ങളിൽ മന്ത്രിമാർ നാലു ദിവസം നിർബന്ധമായും സെക്രട്ടേറിയേറ്റിലെ ഓഫിസിലെത്തുമായിരുന്നു. ഇപ്പോൾ കാബിനറ്റ് ഉള്ള ദിവസം അല്ലങ്കിൽ പരമാവധി രണ്ട് ദിവസം മാത്രമേ മന്ത്രിമാർ സെക്രട്ടേറിയേറ്റിലെ ഓഫിസിലൂള്ളൂ. മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതി നൽകാനാവില്ല. പകരം, മുഖ്യമന്ത്രിയുടെ ഓഫിസിനു പുറത്ത് വച്ച് തന്നെ ഡ്യൂട്ടിയിലുള്ളവർ പരാതി സ്വീകരിച്ച് സന്ദർശകരെ മടക്കുകയാണ് പതിവ്. മറ്റ് മന്ത്രിമാരും ഈ രീതി ഇപ്പോൾ മാതൃകയാക്കുകയാണ്.

പിണറായി വിജയന് മുമ്പുള്ള മുഖ്യമന്ത്രിമാർ സന്ദർശകരുടെ പ്രവേശനത്തിന് നിശ്ചിത സമയം നിഷ്കർഷിച്ചിരുന്നില്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ ഓഫിസിനകത്തും പുറത്തും പൊതുജനങ്ങളുടെ കൂട്ടമായിരുന്നു. അതേസമയം, സെക്രട്ടേറിയേറ്റിൽ സന്ദർശക നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പിന്നിലെ ദുരൂഹതകളും പുറത്തുവരുന്നുണ്ട്. ജീവിത പ്രശ്നങ്ങളുമായി എത്തുന്ന പൊതുജനങ്ങളെ സെക്രട്ടറിയേറ്റിന് പകരം പാർട്ടി ഓഫീസിലെത്തിക്കുക എന്ന തന്ത്രമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. അങ്ങനെയെങ്കിൽ കാര്യങ്ങൾ തീരുമാനിക്കപ്പെടുക എകെജി സെന്ററിലും എം.എൻ സ്മാരകത്തിലുമാകും. 

 കെൽട്രോൺ ആണ് സെക്രട്ടേറിയേറ്റിൽ അക്സസ് കൺട്രോൾ സിസ്റ്റം സ്ഥാപിക്കുന്നത്. നാലു കോടിയോളം രൂപയാണ് അക്സസ് കൺട്രോൾ സിസ്റ്റത്തിന്റെ ചെലവ്. ജനങ്ങൾക്കു വേണ്ടിയാണ് ഭരണ സംവിധാനത്തിൽ നൂതന പരിഷ്കാരങ്ങൾ ഉണ്ടാവേണ്ടതെന്നരിക്കെ, ജനങ്ങളെ അകറ്റി നിർത്താൻ കോടികൾ ചെലവഴിച്ചുള്ള പരിഷ്കാരങ്ങളാണ് സെക്രട്ടേറിയേറ്റിൽ നടപ്പാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

 ജനാധിപത്യത്തിന്റെ ശോഭ കെടുത്തുന്ന ജനാധിപത്യ വിരുദ്ധ സമീപനങ്ങൾ തുടരുന്ന രീതിയാണ് തുടർ ഭരണത്തിൽ സംസ്ഥാനമെമ്പാടും പിണറായി സർക്കാർ സ്വീകരിക്കുന്നതെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് സന്ദർശർകർക്ക് വിലക്ക് ഏർപ്പെടുത്തി പുതിയ പരിഷ്കാരത്തിന് ഒരുങ്ങുന്നത്.


أحدث أقدم