വിമാനത്താവളത്തിൽ ഗോമൂത്രം പിടിച്ചെടുത്തു; രാജ്യത്തെ ജൈവസുരക്ഷയ്ക്ക് ഭീഷണിയെന്ന് ന്യൂസീലാൻഡ് അധികൃതർ; മുന്നറിയിപ്പ്


ക്രൈസ്റ്റ്ചർച്ച്: രാജ്യത്തെ ജൈവസുരക്ഷയ്ക്ക് ഭീഷണിയെന്ന വിലയിരുത്തലിനെ തുടർന്ന് വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്ത ഗോമൂത്രം നശിപ്പിച്ച് ന്യൂസീലാൻഡിലെ വിമാനത്താവള അധികൃതർ. ക്രൈസ്റ്റ് ചർച്ച് വിമാനത്താവളത്തിൽ വെച്ചാണ് സംഭവം. യാത്രക്കാരുടെ ലഗേജിനൊപ്പം വന്ന ഗോമൂത്രം നശിപ്പിച്ച വിവരം ചിത്രസഹിതം അധികൃതർ തന്നെയാണ് പുറത്തു വിട്ടത്. കൊവിഡ് സാഹചര്യത്തിൽ അടച്ചിട്ട അന്താരാഷ്ട്ര അതിർത്തികൾ വീണ്ടും തുറന്നതിനു പിന്നാലെയാണ് സംഭവമുണ്ടായതെന്ന് ഓട്ടറോവ വിമാനത്താവള അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിൽ നടത്തുന്ന പതിവു പരിശോധനകൾക്കിടെയായിരുന്നു ഗോമൂത്രം കണ്ടെത്തിയത്. രണ്ട് കുപ്പി ഗോമൂത്രമാണ് കണ്ടെത്തിയതെന്നും ഇത് പിടിച്ചെടുത്ത് നശിപ്പിച്ചെന്നും അവർ ഫേസ്ബുക്കിൽ അറിയിച്ചു. മൃഗങ്ങളിൽ നിന്നുള്ള ഇത്തരം ഉത്പന്നങ്ങൾ ഗുരുതരമായ മൃഗജന്യ രോഗങ്ങൾക്ക് കാരണമാകുമെന്നാണ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലെ വിശദീകരണം. ഹിന്ദു ആചാരപ്രകാരം ശുദ്ധികർമത്തിന് ഉപയോഗിക്കുന്നതിനാൽ മതപരമായ പ്രാധാന്യം ഗോമൂത്രത്തിനുണ്ട്. എന്നാൽ ഇത് രാജ്യത്തെ ജൈവസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതുകൊണ്ടു തന്നെ ഇതുമായി രാജ്യത്ത് പ്രവേശിക്കാൻ സാധിക്കില്ലെന്നും അധികൃതർ കുറിച്ചു. ഇന്ത്യയിൽ നിന്നെത്തിയ ഒരു യാത്രക്കാരൻ്റെ കൈയ്യിൽ നിന്നാണ് ഗോമൂത്രം പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ. കൈവശമുള്ളത് ഗോമൂത്രമാണെന്ന് ഇദ്ദേഹം സമ്മതിച്ചെന്നും ഇതുപോലുള്ള സാഹചര്യത്തിൽ അതുതന്നെയാണ് ചെയ്യേണ്ടതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. എന്നാൽ ബാഗേജിലുള്ളത് ജൈവസുരക്ഷയ്ക്ക് ഭീണിയാകുന്ന വസ്തുവാണെന്നു കരുതുന്നുണ്ടെങ്കിൽ എല്ലായ്പ്പോഴും ഇക്കാര്യം തുറന്നു പറയണമെന്നും ഇല്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


أحدث أقدم