ചിക്കന്‍ മന്തിയില്‍ നിന്ന് ഭക്ഷ്യവിഷബാധ; എട്ടുപേര്‍ ചികിത്സ തേടി, മലപ്പുറത്തെ ഹോട്ടല്‍ അടപ്പിച്ചു



പ്രതീകാത്മക ചിത്രം
 

മലപ്പുറം: വേങ്ങരയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. വേങ്ങര ഹൈസ്‌കൂള്‍ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. 

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എട്ടു പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ആശുപത്രി വിട്ടു. പരിശോധനയില്‍ മന്തിയിലെ കോഴി ഇറച്ചിയില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് വ്യക്തമായതായി അരോഗ്യ വകുപ്പ് അറിയിച്ചു.

അതിനിടെ കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവരില്‍ മൂന്ന് പേരെ പരിയാരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന ചെറുവത്തൂരിലെ കൂള്‍ബാര്‍ സന്ദര്‍ശിച്ചു.

വിദേശത്തുള്ള കൂള്‍ ബാര്‍ ഉടമയ്‌ക്കെതിരെയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഉടമയെ പ്രതി ചേര്‍ക്കും. രണ്ടു പേരെ പൊലീസ് അറസ്റ്റ്് ചെയ്തു. മൂന്നാമതൊരാള്‍ ഒളിവിലാണ്. ഐഡിയല്‍ ഫുഡ്‌പോയിന്റ് എന്ന സ്ഥാപനത്തില്‍ ഷവര്‍മ ഉണ്ടാക്കുന്ന നേപ്പാള്‍ സ്വദേശി സന്ദേശ് റായ്, സ്ഥാപനം നടത്തിപ്പുകാരന്‍ ഉള്ളാളിലെ അനസ് എന്നിവരാണ് അറസ്റ്റിലായത്്

മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കരിവെള്ളൂര്‍ പെരളം പൊതുവിതരണ കേന്ദ്രത്തിനു സമീപം പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ വി പ്രസന്നയുടെയും ഏക മകള്‍ ഇ വി ദേവനന്ദ (16) കഴിഞ്ഞദിവസം ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു.

أحدث أقدم