രാവിലെ ഏഴു മണിക്ക് കയറിയാല്‍ ഒന്നര വരെ ജോലി, ആര്‍ക്കും ഈ ഗതി വരരുത്; നാട്ടില്‍ തിരിച്ചെത്തിയ ലിന്‍ഡ പറയുന്നു


വയനാട്: ഒരിക്കലും തിരികെ വരാനാവില്ലെവന്ന് കരുതിയിരുന്ന വയനാട് വൈത്തിരി സ്വദേശിയായ ലിന്‍ഡ സുരക്ഷിതമായി നാടണഞ്ഞതിന്റെ ആശ്വാസത്തിലാണ്. ഇന്ത്യന്‍ എംബസിയുടെയും രാജ്യസഭ എംപി ബിനോയ് വിശ്വത്തിന്റെയും ഇടപെടലില്‍ ലിന്‍ഡയുടെ മോചനം സാധ്യമായി. രാവിലെ ഏഴ് മണിക്ക് കയറിയാല്‍ ഒന്നര വരെ വിശ്രമമില്ലാതെ ജോലി ചെയ്‌തെന്നും അത്രയധികം താന്‍ അവിടെ അനുഭവിച്ചിട്ടുണ്ടെന്ന് ലിന്‍ഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാവരുടെയും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായാണ് ഭാര്യയെ നാട്ടിലെത്തിക്കാനായതെന്നും എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായും ലിന്‍ഡയുടെ ഭര്‍ത്താവ് ബിനോജ് പറഞ്ഞു. വീട്ടുജോലിക്കായി കുവൈറ്റിലെത്തിച്ച ഏജന്റ് മുസ്തഫയെ എംബസിയിലേക്ക് വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭ എംപി ബിനോയ് വിശ്വം വിദേശകാര്യ വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചിരുന്നു. രക്താര്‍ബുദ ബാധിതനായ ഭര്‍ത്താവിന്‍റെ ചികിത്സാ ചെലവിന് വേണ്ടിയാണ് ലിന്‍ഡ മൂന്ന് മാസം മുമ്പ് വീട്ടുജോലിക്കായി കുവൈറ്റിലെത്തിയത്. മലയാളിയായ ഏജന്റ് മുഖേനയാണ് കുവൈറ്റിലേക്കുള്ള വിസ ലഭിച്ചത്. മാസവേതനമായി 30000 രൂപ നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍, ജോലിക്ക് പോയ വീട്ടില്‍ നിന്ന് സ്ഥിരമായി മര്‍ദനമേല്‍ക്കാന്‍ തുടങ്ങിയതോടെ നാട്ടിലേക്ക് ഉടന്‍ മടങ്ങണമെന്ന് ബിനോജിനെ ഫോണില്‍ വിളിച്ച് അറിയിച്ചു. അഞ്ചരലക്ഷം രൂപ നല്‍കാതെ നാട്ടിലേക്ക് കയറ്റിവിടില്ലെന്നായിരുന്നു ഏജന്റ് മറുപടി നല്‍കിയത്.

أحدث أقدم