ഡെലിവറിക്ക് പോകുന്നതിനിടെ കാറും ബൈക്കും കൂട്ടിയിടിച്ച് സൗദിയില്‍ മലയാളി മരിച്ചു


റിയാദ്: സൗദി അറേബ്യയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി മരിച്ചു. റിയാദിലെ റൗദയില്‍ ഉണ്ടായ അപകടത്തില്‍ കണ്ണൂര്‍ ശ്രീകണ്ഡപുരം സ്വദേശി കാറ്റാടത്തു മൊയ്തീന്‍ (38) ആണ് മരിച്ചത്. ഇരുചക്ര വാഹനത്തില്‍ ഡെലിവറിക്കായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. സൗദി പൗരന്‍ ഓടിച്ചിരുന്ന കാറുമായി മൊയ്തീന്റെ ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു. അഞ്ചു വര്‍ഷമായി സൗദിയിലുള്ള മൊയ്തീന്‍ അഞ്ചു മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി തിരികെ എത്തിയത്. പിതാവ് പരേതനായ അബ്ദുള്ള. മാതാവ്: കാറ്റടത്ത് ആമിന ഉമ്മ. ഭാര്യ: ജുവൈരിയ. മക്കള്‍: ശിബില, ശിയാസ്, ശംല, സംറാസ്. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ക്ക് സഹോദരന്‍ മുഹമ്മദ് കുഞ്ഞിക്കൊപ്പം റിയാദ് കെ എം സി സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ധീവ് തുവ്വൂര്‍, ഷാഹിദ് മാഷ്, ഇര്‍ഷാദ് കായക്കൂല്‍, ദഖ്‌വാന്‍ വയനാട് തുടങ്ങിയവര്‍ രംഗത്തുണ്ട്. അതേസമയം, അവധി ആഘോഷിച്ചു മടങ്ങവെ കാറിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തെ തുടര്‍ന്ന് മലയാളി നഴ്സ് മരിച്ചു. പെരുമ്പാവൂര്‍ കൂവപ്പടി തോട്ടുവ ഇടശ്ശേരി ടിന്റു പോള്‍ (36) ആണ് മരിച്ചത്. കുടുംബത്തിനൊപ്പം ജബല്‍ ജെയ്സില്‍ അവധി ആഘോഷിച്ചു മടങ്ങുമ്പോള്‍ കാറിന്റെ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. ഭര്‍ത്താവ് കൃപാ ശങ്കര്‍, മക്കളായ ക്രിതിന്‍ ശങ്കര്‍, ആദിന്‍ ശങ്കര്‍, ഭര്‍തൃ മാതാവ് എന്നിവര്‍ പരുക്കുകളോടെ ആശുപത്രിയിലാണ്. ഭര്‍ത്താവിന്റെയും ഒരു മകന്റെയും പരുക്ക് ഗുരുതരമാണ്. അല്‍ ഹമ്രയില്‍ റാക് ഹോസ്പിറ്റല്‍ ക്ലിനിക്കിലെ നഴ്സാണ് ടിന്റു. ജബല്‍ ജെയ്സ് മലനിരകളില്‍ ആഘോഷിച്ച ശേഷം മടങ്ങവെ ഇറക്കത്തില്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരുക്കേറ്റവരെ റാസ് അല്‍ ഖൈമയിലെ അല്‍ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നട്ടെല്ലിന് പരുക്കേറ്റ കൃപ ശങ്കറും ക്രിതിനും തീവ്രപരിചരണ വിഭാഗത്തിലാണ്.

أحدث أقدم