ന്യൂഡല്‍ഹി: ഏതാനും മാസങ്ങളായി ഡല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തുന്ന അത്‌ലറ്റുകള്‍ക്കും കോച്ചുകള്‍ക്കും വൈകിട്ട് ഏഴിന് മുമ്പ് എല്ലാം തീര്‍ക്കണം. ഒറ്റക്കാരണം; ഡല്‍ഹി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജീവ് ഖിര്‍വാര്‍ വളര്‍ത്തു പട്ടിയുമൊത്ത് പരിശീലനത്തിന് വരും! ഖിര്‍വാറിന് സൗകര്യമൊരുക്കാനാണ് അര മണിക്കൂര്‍ മുമ്ബ് താരങ്ങളെയും പരിശീലകരെയും സ്റ്റേഡിയം അധികൃതര്‍ തിടുക്കപ്പെട്ട് ഒഴിപ്പിക്കുന്നത്.
'നേരത്തെ, ലൈറ്റിന് താഴെ 8-8.30 വരെ ഞങ്ങള്‍ പരിശീലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏഴു മണിക്കു തന്നെ സ്‌റ്റേഡിയം വിടാന്‍ ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥന് പട്ടിക്കൊപ്പം നടക്കാനുള്ള സൗകര്യത്തിനാണിത്. ഞങ്ങളുടെ പതിവു പരിശീലനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്' - ഒരു കോച്ച് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ആരോപണം 'സമ്പൂർണ്ണമായി തെറ്റാണ്' എന്നാണ് 1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഖിര്‍വാര്‍ പത്രത്തോട് പ്രതികരിച്ചത്. ചില വേളയില്‍ വളര്‍ത്തുമൃഗത്തോടൊപ്പം നടക്കാനിറങ്ങാറുണ്ടെന്നും എന്നാല്‍ അത്‌ലറ്റുകളുടെ പരിശീലനം മുടക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനു ശേഷം, കഴിഞ്ഞയാഴ്ച മൂന്നു ദിവസം ഇന്ത്യന്‍ എക്‌സ്പ്രസ് മാധ്യമസംഘം സ്റ്റേഡിയം സന്ദര്‍ശിച്ചു. ഏഴു മണിക്ക് മുമ്പ് സ്റ്റേഡിയത്തില്‍നിന്ന് എല്ലാവരെയും പറഞ്ഞയക്കുന്ന ജീവനക്കാരെയാണ് സംഘത്തിന് കാണാനായത്. 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനായി നിര്‍മിച്ചതാണ് ഫുട്ബോള്‍ മൈതാനവും സിന്തറ്റിക് ട്രാക്കും അടങ്ങുന്ന ത്യാഗരാജ സ്‌റ്റേഡിയം.
വൈകിട്ട് നാലു മുതല്‍ ആറു മണി വരെയാണ് പരിശീലനത്തിനുള്ള സമയമെന്ന് സ്റ്റേഡിയം അഡ്മിനിസ്‌ട്രേറ്റര്‍ അജിത് ചൗധരി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. എന്നാല്‍ കടുത്ത ചൂടു പരിഗണിച്ചാണ് ഏഴു മണി വരെ പരിശീലനം അനുവദിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പങ്കുവയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഏഴു മണിക്കു ശേഷം ഏതെങ്കിലും ഉദ്യോഗസ്ഥന്‍ സ്‌റ്റേഡിയം ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയില്ലെന്നും അജിത് ചൗധരി കൂട്ടിച്ചേര്‍ത്തു.
'ഏഴു മണിക്ക് ഞങ്ങള്‍ അടക്കും. സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ സമയക്രമമുണ്ട്. ഡല്‍ഹി സര്‍ക്കാറിനു കീഴിലുള്ള ഒരു സര്‍ക്കാര്‍ ഓഫീസാണിത്. അത്തരം കാര്യങ്ങളെ കുറിച്ച് (സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പട്ടിയുമായി നടത്തത്തിനിറങ്ങുന്നത്) അറിയില്ല. ഞാന്‍ ഏഴു മണിക്ക് സ്റ്റേഡിയം വിടാറുണ്ട്' - അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച ഖിര്‍വാര്‍ പട്ടിയുമൊത്ത് വൈകിട്ട് ഏഴരയ്ക്ക് സ്റ്റേഡിയത്തിലെത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെ വളര്‍ത്തുമൃഗം ട്രാക്കിലും ഫുട്‌ബോള്‍ മൈതാനത്തും അലഞ്ഞു നടന്നിരുന്നു.
ഇത് അധികാര ദുര്‍വിനിയോഗമാണെന്ന് ഒരു അത്‌ലറ്റിന്റെ രക്ഷിതാവ് പറഞ്ഞു. 'എന്റെ കുട്ടിയുടെ പരിശീലനം മുടങ്ങാറുണ്ട്. രാത്രി ഏറെ കഴിഞ്ഞാണ് സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് എന്ന് പറയുകയാണ് എങ്കിലും ഇത് ന്യായീകരിക്കാനാകുമോ? ഇത് അധികാര ദുര്‍വിനിയോഗമാണ്' - രക്ഷിതാവ് കൂട്ടിച്ചേര്‍ത്തു.
പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ അധികൃതരുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി. വൈകിട്ട് എട്ടര-ഒമ്പതു മണി വരെ നേരത്തെ പരിശീലനം നടത്തിയിരുന്നതായി അത്‌ലറ്റുകള്‍ പറയുന്നു. അസൗകര്യത്തെ തുടര്‍ന്ന് പല അത്‌ലറ്റുകളും പരിശീലനം മൂന്നു കിലോമീറ്റര്‍ അകലെയുള്ള ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലേക്ക് മാറ്റിയിട്ടുണ്ട്.
അതിനിടെ, ആരോപണങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്റ്റേഡിയങ്ങളിലെ പ്രവര്‍ത്തന സമയം രാത്രി പത്തു മണി വരെ ഡല്‍ഹി സര്‍ക്കാര്‍ നീട്ടി നല്‍കി. വ്യാഴാഴ്ച രാവിലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.