മെയ് അവസാനം ആദ്യ ഹജ്ജ് സംഘമെത്തും; മിനായിലെ ടെന്റുകളില്‍ നവീകരണ പ്രവൃത്തികള്‍ തകൃതി


ജിദ്ദ: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ് സൗദിയില്‍. ഹജ്ജ് തീര്‍ഥാടകര്‍ സമ്മേളിക്കുന്ന കേന്ദ്രങ്ങളിലൊന്നായ മിനായില്‍ ഹാജിമാരുടെ താമസ സ്ഥലങ്ങള്‍ മോടി പിടിപ്പിക്കുന്ന തിരക്കിലാണ് അധികൃതര്‍.

​ചൂടിനെ പ്രതിരോധിക്കാന്‍ വഴികള്‍

 

ടെന്റുകളുടെ നഗരം എന്ന പേരില്‍ അറിയപ്പെടുന്ന മിനായിലെ ടെന്റുകളില്‍ ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള ആന്റി ഹീറ്റ് ഇന്‍സുലേഷന്‍ കോട്ടിംഗ് അടിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ് അധികൃതര്‍ അറിയിച്ചു. അതോടൊപ്പം എയര്‍ കണ്ടീഷന്‍ ഉപകരണങ്ങളും നവീകരിക്കുന്നുണ്ട്. ഇവിടെ വിശാലമായ അടുക്കള സംവിധാനം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. മക്കയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് മിനാ നഗരം സ്ഥിതി ചെയ്യുന്നത്. തീര്‍ഥാടകര്‍ക്ക് മികച്ച താമസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

​ഇത്തവണ 10 ലക്ഷം പേര്‍ക്ക് അവസരം
 

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇത്തവണ വിദേശ തീര്‍ഥാടകര്‍ക്ക് ഹജ്ജ് കര്‍മത്തിന് അനുമതി നല്‍കുന്നത്. ഇത്തവണ 10 ലക്ഷം പേര്‍ക്ക് ഹജ്ജിന് അനുമതി നല്‍കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം നേരത്തേ അറിയിയിച്ചിരുന്നു. ഇത്രയേറെ പേര്‍ ഹജ്ജ് തീര്‍ഥാടനത്തിന് എത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. അതുകൊണ്ടുതന്നെ വിപുലമായ സജ്ജീകരണങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തുന്ന ഹാജിമാര്‍ക്കായി അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

​വിദേശികളുടെ ഉംറ അപേക്ഷകള്‍ നിര്‍ത്തിവച്ചു

 അതിനിടെ, ഈ സീസണിലെ ഉംറ വിസയ്ക്കുള്ള അപേക്ഷകള്‍ ഇനി സ്വീകരിക്കില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. ഇന്നലെ വരെ ഉംറക്കായി അപേക്ഷ നല്‍കിയവര്‍ ഉംറ തീര്‍ഥാടനം പൂര്‍ത്തീകരിച്ച് ഹജ്ജ് സീസണ്‍ തുടങ്ങുന്നതിന് മുമ്പേ നാടുകളിലേക്ക് മടങ്ങേണ്ടി വരും. ഹിജ്‌റ മാസമായ ദുല്‍ഖഅദ് അവസാനത്തോടെ ഉംറയ്‌ക്കെത്തിയ എല്ലാ വിദേശ തീര്‍ഥാടകരും സൗദിയില്‍ നിന്നു മടങ്ങണമെന്ന് അധികൃതര്‍ അറിയിച്ചു. ഹജ്ജ് തീര്‍ഥാടനം സമാപിച്ച ശേഷം മാത്രമേ ഇനി ഉംറ അപേക്ഷകള്‍ പരിഗണിക്കുകയുള്ളൂ.

​മെയ് 31ന് ആദ്യ ഹജ്ജ് സംഘം സൗദിയിലെത്തും

 അതേസമയം, മെയ് 31ന് ആദ്യ ഹജ്ജ് സംഘം സൗദിയിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അതായത് ഹിജ്‌റ മാസം ദുല്‍ഖഅദ് ഒന്നു മുതല്‍ വിദേശ ഹജ്ജ് തീര്‍ഥാടകര്‍ സൗദിയില്‍ എത്തിത്തുടങ്ങും. ആദ്യ ദിവസം സൗദിയിലെത്തുന്നവരില്‍ ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരും ഉണ്ടാകും. ഇന്ത്യയില്‍ നിന്ന് 79,237 തീര്‍ത്ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കാനെത്തും. കേരളത്തില്‍ നിന്നും 5,747 പേര്‍ക്കാണ് ഹജ്ജിന് അവസരം.

 

أحدث أقدم