ഹൈദരാബാദ് : തെലങ്കാനയിൽ വനിതാ വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി. കേസിൽ പ്രതിയായ 10 പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സമിതി ശുപാർശ്ശ ചെയ്തു. സുപ്രീം കോടതിയിലെ മുൻ ജസ്റ്റിസ് വി എസ് സിർപുർകറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് ഇത്തരത്തിൽ കണ്ടെത്തിയിരിക്കുന്നത്.
2019 ഡിസംബർ ആറാം തീയതിയാണ് കേസിൽ അറസ്റ്റിലായ നാല് പ്രതികളേയും പോലീസ് വെടിവെച്ച് കൊന്നത്. പുലർച്ചെ 3.30 നാണ് പൊലിസ് വെടിവെച്ചു കൊന്നത്. എൻകൗണ്ടറിൽ കൊല്ലപ്പെട്ട നാല് പേരിൽ മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരാണെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികൾ രക്ഷപെടാൻ ശ്രമിക്കുകയായിരുന്നുവെന്നും തുടർന്ന് വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് പോലീസ് സംഭവത്തേക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
സമിതിയുടെ കണ്ടെത്തൽ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കും. ജസ്റ്റിസ് വി എസ് സിർപുർകറിന് പുറമെ, സിബിഐ മുൻ ഡയറക്ടർ ഡി ആർ കാർത്തികേയൻ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി രേഖ പ്രകാശ് ബാൽദോത്ത എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
പ്രതികൾ പൊലീസിൽനിന്ന് തോക്ക് തട്ടിയെടുത്തുവെന്നും പൊലീസിനെതിരെ കല്ലെറിഞ്ഞെന്നുമായിരുന്നു തെലങ്കാന സർക്കാരിനു വേണ്ടി ഹാജരായ മുകുൾ റോഹ്തഗിയുടെ വാദം.
വനിതാ ഡോക്ടറുടെ കൊലപാതകത്തെ തുടർന്നുണ്ടായ ജനരോഷം തണുപ്പിക്കാൻ വേണ്ടി പൊലീസ് നടത്തിയ നാടകമാണ് ഏറ്റുമുട്ടൽ എന്ന് നേരത്തെ മുതൽ ഉയർന്ന ആരോപണങ്ങളാണ്. ഇതിന് പിന്നാലെ തന്നെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഹൈദരാബാദിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. 2019 ഡിസംബർ മാസത്തിലാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
പിന്നീട്, നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവതി അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായി എന്നും അതിന് ശേഷം ജീവനോടെ തന്നെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു. തുടർന്ന് വൈകാതെ തന്നെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ മൂന്ന് യുവാക്കളുമായിരുന്നു കേസിലെ പ്രതികൾ.