ഷൈജലിന് വിട നൽകി നാട്, ഔദ്യോഗിക സൈനിക ബഹുമതികളോടെ ഖബറടക്കം


ദില്ലി: ലഡാക്കിൽ സൈനികവാഹനം അപകടത്തിൽപ്പെട്ട് മരണമടഞ്ഞ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഔദ്യോഗിക സൈനിക ബഹുമതികളോടെ ഖബറടക്കി. അങ്ങാടി മുഹയദീൻ ജുമാഅത്ത് പള്ളിയിലായിരുന്നു സംസ്‍കാര ചടങ്ങുകൾ. ടെറിട്ടോറിയൽ ആർമിയുടെ മദ്രാസ് റെജിമെൻറ് ഷൈജലിന് രാജ്യത്തിന്റെ ആദരം അർപ്പിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി വി അബ്ദു റഹ്മാൻ ചെട്ടിപ്പടിയിലേ വീട്ടിലെത്തി ആദരം അർപ്പിച്ചു. രാവിലെ 10.10 ന് എയർ ഇന്ത്യ വിമാനത്തിലാണ് ഷൈജലിന്റെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചത്. ജില്ലാ കലക്ടർ വി ആർ പ്രേം കുമാർ വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങി. ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം. എൽ. എമാരായ പി. അബ്ദുൾ ഹമീദ് , കെ.പി.എ മജീദ് തുടങ്ങിയവർ കരിപ്പൂർ വിമാനത്താവളത്തിൽ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് തിരൂരങ്ങാടി യത്തീം ഖാനയിലും പരപ്പനങ്ങാടി സൂപ്പി കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലും പൊതു ദർശനം നടത്തി. വെള്ളിയാഴ്ച ലഡാക്കിലെ ഷ്യോക് നദിയിലേക്ക് സൈനികർ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിലാണ് മുഹമ്മദ് ഷൈജൽ അടക്കം എഴ് സൈനികർ മരിച്ചത്. ലഡാക്കിലെ തുർത്തുക്ക് സെക്ടറിലായിരുന്നു അപകടം. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. സൈനിക ക്യാമ്പിന്‍റെ 25 കിലോമീറ്റര്‍ അടുത്തെത്തിയപ്പോള്‍ വാഹനം നദിയിലേക്ക് വീഴുകയായിരുന്നു. അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടോയെന്നും സൈന്യം പരിശോധിക്കുകയാണ്. സൈനിക സേവനം മതിയാക്കി അടുത്തവർഷം നാട്ടിലേക്ക് വരാനിരിക്കെയാണ് ഷൈജലിന്റെ അന്ത്യം. 

أحدث أقدم