പ്രവാസിയെ കമ്പനിയുടെ താമസ സ്ഥലത്ത് പൂട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ മാനേജര്‍ക്ക് ശിക്ഷ വിധിച്ചു


ദുബൈ: പ്രവാസിയെ കമ്പനിയുടെ താമസ സ്ഥലത്ത് പൂട്ടിയിട്ട സംഭവത്തില്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദുബൈ കോടതി ശിക്ഷ വിധിച്ചു. കമ്പനിക്ക് നല്‍കാനുള്ള ഒന്നര ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടായിരുന്നു പ്രവാസിയെ മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിടുകയും ഉപദ്രവിക്കുകയും ചെയ്‍തത്. പണം തരാന്‍ വൈകിയത് കൊണ്ടാണ് പൂട്ടിയിട്ടതെന്ന് പ്രതികളിലൊരാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.പ്രതികള്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം യുഎഇയില്‍ നിന്ന് നാടുകടത്താനുമാണ് ദുബൈ അപ്പീല്‍ കോടതി വിധിച്ചത്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. മര്‍ദനമേറ്റ പ്രവാസിയുടെ ഒരു സുഹൃത്താണ് വിവരം പൊലീസിനെ അറിയിച്ചത്.ജോലി ചെയ്യുന്ന കമ്പനിയിലെ മാനേജരും മറ്റ് രണ്ട് പേരും കൂടിച്ചേര്‍ന്ന് തന്റെ ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം താമസ സ്ഥലത്തെ ഒരു മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്ന് മര്‍ദനമേറ്റ യുവാവ് പറഞ്ഞു. മൂന്ന് ദിവസം അവിടെയിട്ട് മര്‍ദിച്ചു. നാട്ടിലുള്ള ഒരു സുഹൃത്തിനെ വിളിച്ച് പണം അയക്കാന്‍ ആവശ്യപ്പെടാനായിരുന്നു നിര്‍ദേശം. പണം ലഭിച്ചാല്‍ മാത്രമേ മോചിപ്പിക്കൂ എന്നും ഭീഷണിപ്പെടുത്തി.ഇതനുസരിച്ചാണ് ഇയാള്‍ നാട്ടിലുള്ള സുഹൃത്തിനെ വിവരമറിയിച്ചത്. എന്നാല്‍ ഇയാള്‍ ദുബൈയില്‍ തന്നെയുള്ള തന്റെ മറ്റൊരു സഹപ്രവര്‍ത്തകന്‍ വഴി പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മുറിയില്‍ യുവാവിനെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ അവശനായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് മാനേജര്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും അറസ്റ്റ് ചെയ്‍തു.  

أحدث أقدم