കിണറിൽ കണ്ടെത്തിയ അസ്ഥിക്കൂമ്പാരം ശിപായി ലഹളയിൽ കൊല്ലപ്പെട്ട സൈനികരുടേത്; പഠനം









 ചണ്ഡീഗഡ് :  പഞ്ചാബില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കിണറില്‍ നിന്ന് 2014-ല്‍ കുറേ മനുഷ്യരുടെ അസ്ഥികള്‍ കണ്ടെത്തി. വര്‍ഷങ്ങള്‍ നീണ്ട വിശദ പഠനങ്ങള്‍ക്കൊടുവില്‍ സുപ്രധാനമായൊരു നിരീക്ഷണത്തിലെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഈ അസ്ഥികള്‍ 1857-ല്‍ നടന്ന ശിപായി ലഹളയില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈനികരുടെതാണെന്നാണ് കണ്ടെത്തല്‍.

2014 ഫെബ്രുവരിയില്‍ അമൃത് സര്‍ ജില്ലയിലെ അജ്‌നാലയില്‍ നിന്നാണ് ഗവേഷകര്‍ക്ക് ഈ അസ്ഥികള്‍ കിട്ടിയത്. ഒന്നുകില്‍ ഈ അസ്ഥികള്‍ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന 1857-ലെ ശിപായി ലഹളയില്‍ പങ്കെടുത്ത് മരിച്ച സൈനികരുടേതാവാമെന്നും അല്ലെങ്കില്‍ 1947-ലെ ഇന്ത്യാ വിഭജന സമയത്തുണ്ടായ കലാപങ്ങളില്‍ കൊല്ലപ്പെട്ടവരുടേതായിരിക്കാമെന്നുമുള്ള ഊഹങ്ങളായിരുന്നു ഉണ്ടായിരുന്നത്.

വിക്ടോറിയ രാജ്ഞിയുടെ ചിത്രങ്ങളും വര്‍ഷവും കൊത്തിയ നാണയങ്ങളും ഇതേ സ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. 1856 ന് അപ്പുറത്തേക്കുള്ള നാണയങ്ങളൊന്നും അക്കൂട്ടത്തിലുണ്ടായിരുന്നില്ല. ഇക്കാരണം കൊണ്ടു തന്നെ 1857-ലെ ശിപായി ലഹളയില്‍ കൊല്ലപ്പെട്ടവരുടേതാവാം എന്ന വാദത്തിന് കൂടുതല്‍ പ്രാമുഖ്യം ലഭിച്ചു.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും 1857 ല്‍ അമൃത് സറിലെ ഡെപ്യൂട്ടി കമ്മീഷണറുമായിരുന്ന ഫ്രെഡറിക് ഹെന്‍ റി കൂപ്പര്‍ 1857 ലെ കലാപത്തെ കുറിച്ച് നല്‍കുന്ന അവ്യക്തമായ ഒരു വിവരണവും ഈ പഠനത്തിന് ഗവേഷകരെ സഹായിച്ചിരുന്നു.

അജ്‌നാലയിലെ ഒരു മത സ്ഥാപനത്തിന് താഴെയുള്ള ഒരു ഒറ്റപ്പെട്ട കിണറില്‍ ആളുകളെ കൂട്ടത്തോടെ അടക്കം ചെയ്തിട്ടുള്ളതായി ഫ്രെഡറിക് സൂചിപ്പിക്കുന്നുണ്ട്. ഇന്നത്തെ പാകിസ്ഥാനിലുള്ള ലാഹോറിലെ മിയാന്‍-മീര്‍ കന്റോണ്‍മെന്റില്‍ തമ്പടിച്ച ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയുടെ 26-ആം നേറ്റീവ് ബംഗാള്‍ ഇന്‍ഫന്‍ട്രി റെജിമെന്റിലെ 282 ഇന്ത്യന്‍ സൈനികരെ പിടികൂടിയതും തടവിലാക്കുന്നതും ഒടുവില്‍ കൊലപ്പെടുത്തിയതും അദ്ദേഹം വിവരിക്കുന്നുണ്ട്. ബംഗാള്‍, ബിഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സൈനികരായിരുന്നു അതിലുണ്ടായിരുന്നത്.

ചില ബ്രീട്ടീഷ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി കടന്നു കളഞ്ഞ അവരെ അജ്‌നാലയില്‍ വെച്ച് പിടികൂടി വധിച്ചെന്നും അവരുടെ മൃതശരീരങ്ങള്‍ ഉപേക്ഷിക്കപ്പെട്ട കിണറില്‍ തള്ളിയെന്നും കൂപ്പര്‍ പറയുന്നു.

ലഖ്‌നൗവിലെ ബിര്‍ബല്‍ സബ്‌നി ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ സെന്റര്‍ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യൂലാര്‍ ബയോളജി (സിസിഎംബി), ബനാറസ് ഹിന്ദു സര്‍വകലാശാല എന്നിവയുമായി സഹകരിച്ച് പഞ്ചാബ് സര്‍വകലാശാലയിലെ നരവംശശാസ്ത്രജ്ഞനായ ജെ.എസ്. സെഹ്രാവത്ത് നടത്തിയ ജനിതക, രാസ പഠനങ്ങളിലൂടെയാണ് ഈ സൈനികരുടെ വേരുകള്‍ കണ്ടെത്തിയത്. ഇവരുടെ വംശപരമ്പരയും, ഭക്ഷണ രീതികളും പഠനത്തിൽ കണ്ടെത്തി. ഫ്രെഡറിക് ഹെന്‍ റി കൂപ്പറിന്റെ വിവരണത്തെ സ്ഥിരീകരിക്കുന്നതായിരുന്നു ഈ പഠനങ്ങളുടെ ഫലം.

അസ്ഥികളില്‍ ജനിതക, രാസ വിശകലനങ്ങള്‍ നടത്തിയ ഗവേഷകര്‍ അവയ്ക്ക് 165 വര്‍ഷത്തെ പഴക്കം ഉണ്ടെന്ന് കണ്ടെത്തി. ബംഗാള്‍, ബിഹാര്‍, ഒഡീഷ കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രായപൂര്‍ത്തിയവരുടേതായിരുന്നു അവയെല്ലാം. ഫ്രോണ്ടിയേഴ്‌സ് ഇന്‍ ജനറ്റിക്‌സ് എന്ന ജേണലില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.


أحدث أقدم