കുത്തബ് മിനാറിൽ ഉത്ഖനനം; ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്കാരിക മന്ത്രാലയം


ഡെൽഹി: ചരിത്ര സ്മാരകമായ കുത്തബ് മിനാറിൽ ഉത്ഖനനം നടത്താൻ തീരുമാനം. കുത്തബ് മിനാറിൻ്റെ പരിസരത്തുനിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തിയെന്നും ഇത് നിർമിച്ചത് വിക്രമാദിത്യനാണെന്നുമുള്ള അവകാശവാദങ്ങൾക്കു പിന്നാലെയാണ് തീരുമാനം. കുത്തബ് മിനാറിൽ കണ്ടെത്തിയ വിഗ്രഹങ്ങൾ പരിശോധിക്കണമെന്നും ഉത്ഖനനം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും സാംസ്കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമ്മയാണ് കുത്തബ് മിനാർ നിർമിച്ചത് വിക്രമാദിത്യനാണെന്ന് അവകാശപ്പെട്ടത്. സൂര്യനെപ്പറ്റി പഠിക്കുന്നതിനായി നിർമിച്ച കെട്ടിടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാം നൂറ്റാണ്ടിലാണ് മിനാറിന്റെ നിർമാണം നടന്നത്. ഇത് സംബന്ധിച്ച എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും ധരംവീർ ശർമ അവകാശപ്പെട്ടു. സൂര്യനെ നോക്കുന്നതിനാണ് ഈ നിർമിതി 25 ഇഞ്ച് ചരിച്ച് നിർമിച്ചതെന്നും ഇദ്ദേഹം പറയുന്നു. സൂര്യൻ ഭ്രമണം ചെയ്യുന്നതനുസരിച്ച് നിഴലുകൾ മാറുന്നത് കുത്തബ് മിനാറിൽ നിന്ന് കൃത്യമായി നീരീക്ഷിക്കാമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. കുത്തബ് മിനാറിന്റെ നിർമാണത്തിന് പിന്നിൽ കൃത്യമായ ശാസ്ത്ര തത്വമുണ്ടെന്നും വിക്രമാദിത്യൻ ഇതെല്ലാം പഠിച്ച് മനസിലാക്കിയിരുന്നെന്നും ധരംവീർ ശർമ പറഞ്ഞു. ഇതേ തുടർന്നാണ് സ്ഥലത്ത് ഉത്ഖനനം നടത്താൻ സാംസ്കാരിക മന്ത്രാലയം തീരുമാനിച്ചത്. കുത്തബ് മിനാറിലെ പള്ളി കുവ്വത്തുൽ ഇസ്ലാമിൻ്റെ മിനാരത്തിൽ നിന്ന് 15 മീറ്റർ അകലത്തിൽ ഉത്ഖനനം നടത്താനാണ് നിർദ്ദേശം.കുത്തബ് മിനാറിൻ്റെ പേര് മാറ്റി വിഷ്ണു സ്തംഭ് എന്നാക്കണമെന്ന പ്രതിഷേധവുമായി വലതുപക്ഷ സംഘടനകൾ രംഗത്തെത്തിയിരുന്നു. മഹാകൽ മാനവ് സേന ഉൾപ്പെടെയുള്ള സംഘടനകളാണ് പ്രതിഷേധം നടത്തിയത്. പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. യുനെസ്കോ അംഗീകരിച്ച പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ട ചരിത്ര സ്മാരകമാണ് കുത്തബ് മിനാർ. ഡെൽഹി സുൽത്താനേറ്റിൻ്റെ ആദ്യ രാജാവായ മുഗൾ ഭരണാധികാരി കുത്തബുദ്ദീൻ ഐബക് ആണ് കുത്തബ് മിനാർ പണികഴിപ്പിച്ചത്. 1199ലായിരുന്നു കുത്തബ് മിനാറിൻ്റെ നിർമാണം.

أحدث أقدم