മരിയുപോൾ വീണു; 'ഉരുക്കുകോട്ടയിലെ' സൈനികർ റഷ്യൻ കസ്റ്റഡിയിൽ, തിരികെ എത്തിക്കുമെന്ന് യുക്രൈൻ


കീവ്: റഷ്യൻ അധിനിവേശത്തിലും യുക്രൈൻ്റെ 'ഉരുക്കുകോട്ട' ആയി നിലകൊണ്ട തുറമുഖ നഗരമായ മരിയുപോൾ തകർന്നു. നഗരത്തിൻ്റെ നിയന്ത്രണം റഷ്യൻ സൈന്യത്തിൻ്റെ കൈകളിലായതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രൈൻ സർക്കാരിൻ്റെ നിർദേശത്തെ തുടർന്ന് 82 ദിവസത്തോളം ചെറുത്തുനിന്ന 264 യുക്രൈൻ സൈനികർ കീഴടങ്ങിയതോടെയാണ് റഷ്യയ്ക്ക് കാര്യങ്ങൾ എളുപ്പമായത്. കീഴടങ്ങിയ യുക്രൈൻ സൈനികരെ റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് കൊണ്ടുപോയി. റഷ്യയോട് കൂറ് പുലർത്തുന്ന ലെനിവ്ക പട്ടണത്തിലേക്കാണ് ഇവരെ മാറ്റിയത്. പരിക്കേറ്റ 53 സൈനികരെ നൊവോയസോവ്സ്ക് പട്ടണത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഷ്യൻ സൈന്യം തന്ത്രപ്രധാനമായ മരിയുപോൾ കീഴടക്കിയതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആഴ്ചകൾക്ക് മുൻപ് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ, മരിയുപോൾ വിട്ടുനൽകില്ലെന്നും തങ്ങൾ ഒരിക്കലും കീഴടങ്ങില്ലെന്ന് യുക്രൈൻ കമാൻഡർമാർ വ്യക്തമാക്കിയിരുന്നു. യുക്രൈൻ സൈന്യം കീഴടങ്ങിയതോടെ മരിയുപോളിൻ്റെ അഭിമാനമായി കരുതിയിരുന്ന അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറി റഷ്യൻ സൈന്യത്തിൻ്റെ നിയന്ത്രണത്തിലായി. ഫാട്ക്ടറിയിൽ വേറെയും യുക്രൈൻ സൈനികർ കുടുങ്ങിക്കിടപ്പുണ്ടെന്ന് യുക്രൈൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അന്ന മൽയർ വ്യക്തമാക്കി. മൂന്ന് മാസത്തോളമായി തുടരുന്ന യുദ്ധത്തിൽ റഷ്യയുടെ പ്രധാന വിജയമാണ് തെക്കുകിഴക്കൻ യുക്രെയ്നിലെ അസോവ് കടലിനോട് ചേർന്ന് കിടക്കുന്ന മരിയുപോൾ നഗരം നിയന്ത്രണത്തിലാക്കാൻ സാധിച്ചത്. മരിയുപോൾ നിയന്ത്രണത്തിലാക്കാൻ സാധിച്ചത് റഷ്യയ്ക്ക് നിർണായകമാകും. യുക്രൈൻ്റെ വിവിധ നഗരങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന പാലം മരിയുപോൾ നഗരവുമായി ബന്ധപ്പെട്ടുണ്ട് എന്നതാണ് പ്രത്യേകത. 2014ല്‍ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത ഉപദ്വീപായ ക്രിമിയയിലേക്ക് കരമാര്‍ഗം പെട്ടെന്നെത്താന്‍ കഴിയും. മരിയുപോളിൽ കീഴടങ്ങിയ സൈനികരെ തിരികെ എത്തിക്കാനുള്ള ശ്രമം നടത്തുമെന്ന് യുക്രൈൻ പ്രസിഡൻ്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു. മരിയുപോൾ പട്ടാളം അവരുടെ ദൗത്യം നിറവേറ്റിയെന്ന് നമ്മുടെ കാലത്തെ നായകന്മാരാണ് മരിയുപോളിൽ നിലകൊണ്ട സൈനികരെന്നും യുക്രൈൻ സായുധ സേന ജനറൽ സ്റ്റാഫ് പ്രസ്താനയിലൂടെ വ്യക്തമാക്കി. നഗരത്തിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. പതിനായിരക്കണക്കിന് റഷ്യൻ സൈനികരെ മരിയുപോളിൽ വധിച്ചെന്ന് യുക്രൈൻ അവകാശപ്പെട്ടിരുന്നു.


أحدث أقدم