തൃശൂരില്‍ നടുറോഡില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് ക്രൂര മര്‍ദനം; മുടി മുറിച്ചു

 


തൃശൂര്‍: ചാലക്കുടി മേലൂരില്‍ പട്ടാപ്പകല്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് ക്രൂര മര്‍ദനം. സൈക്കിളില്‍ യാത്ര ചെയ്യവേ വാനിലെത്തിയ സംഘം വിദ്യാര്‍ഥിനിയെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും തലമുടി മുറിയ്ക്കുകയുമായിരുന്നു. കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാന്‍ പോയതായിരുന്നു കുട്ടി. മടങ്ങിവരുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.

വാനിലെത്തിയ മുഖം മൂടിയിട്ട സംഘം സൈക്കിള്‍ ഇടിച്ചിടുകയും തെറിച്ചുവീണ വിദ്യാര്‍ഥിനിയെ മര്‍ദിക്കുകയുമായിരുന്നു. മര്‍ദിച്ച ശേഷം മുടി മുറിച്ച് റോഡില്‍ ഇടുകയും ചെയ്തു. ഉടനെ തന്നെ സംഘം വാഹനവുമായി കടന്നുകളഞ്ഞു. പെണ്‍കുട്ടിയുടെ വീടിനടുത്തായിരുന്നു സംഭവം നടന്നത്.

നിലത്ത് വീണ് പോയ പെണ്‍കുട്ടി ബോധം വന്നശേഷം ശബ്ദമുണ്ടാക്കിയതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊരട്ടി പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. മര്‍ദനത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

കുട്ടിയുടെ മാതാപിതാക്കള്‍ പരിഞ്ഞുകഴിയുകയാണ്. അമ്മയ്ക്കും മുത്തശ്ശിയ്ക്കും ഒപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രാഥമിക അേന്വഷണം നടത്തിയ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
أحدث أقدم