ഹോട്ടലിലെ ഭക്ഷ്യസാമ​ഗ്രികൾ കക്കൂസിൽ; ചോദ്യം ചെയ്ത ഡോക്ടർക്ക് മർദനം; മൂന്ന് പേർ അറസ്റ്റിൽ


 




കണ്ണൂർ : പിലാത്തറയിലെ ​​ഹോട്ടലിൽ ശൗചാലയം സ്റ്റോര്‍ റൂം ആക്കി ഭക്ഷ്യസാമ​ഗ്രികൾ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടർക്ക് മര്‍ദനം. പിലാത്തറയിലെ കെസി റെസ്റ്റോറന്റിലാണ് സംഭവം. കാസര്‍കോട് ബന്തടുക്ക പിഎച്ച്‌സിയിലെ ഡോക്ടര്‍ സുബ്ബരായക്കാണ് മര്‍ദനമേറ്റത്.

ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. കാസര്‍കോട് പിഎച്ച്‌സിയിലെ ഡോക്ടറും സംഘവും വിനോദയാത്രയ്ക്കായി കണ്ണൂരിലെത്തിയതായിരുന്നു. ഹോട്ടലിലെത്തിയ ഡോക്ടര്‍ ഭക്ഷണം കഴിച്ചശേഷം ശുചിമുറിയിൽ പോയപ്പോഴാണ് ഭക്ഷണസാധനങ്ങള്‍ ഇവയിലൊന്നിൽ കൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ദൃശ്യങ്ങൾ മൊബൈല്‍ ഫോണില്‍ പകർത്തുകയായിരുന്നു.

ഇതു കണ്ട ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെത്തി മൊബൈല്‍ പിടിച്ചു വാങ്ങുകയും ഉടമയും സഹോദരിയും ചേർന്ന് ഡോക്ടറെ മര്‍ദിക്കുകയും ചെയ്തു. മര്‍ദനമേറ്റ ഡോക്ടറും സംഘവും പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാരനും ഹോട്ടല്‍ ഉടമയുമുള്‍പ്പെടെയുള്ളവരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി  ഭക്ഷ്യസുരക്ഷാവകുപ്പിന്റെ റെയ്ഡ് നടന്നുവരവെയാണ് ഈ സംഭവം.
أحدث أقدم