അന്യഗ്രഹജീവികള്‍ ഒരിക്കലും ഭൂമിയിലെത്തിയിട്ടുണ്ടാകില്ല; അതിനു 'ഭയപ്പെടുത്തുന്ന കാരണമുണ്ട്'; മുന്നറിയിപ്പുമായി ഗവേഷകര്‍

 


ന്യൂ യോര്‍ക്ക്: സൗരയൂഥത്തിനു പുറത്തു ജീവൻ്റെ തെളിവുകള്‍ തേടിയുള്ള ഗവേഷണം തുടരുകയാണ് നാസ അടക്കമുള്ള ബഹിരാകാശ ഏജൻസികള്‍. കൂടാതെ അന്യഗ്രഹജീവികള്‍ ഭൂമിയെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടോ എന്നതിലടക്കം ലോകമെമ്പാടും ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാൽ അന്യഗ്രഹജീവികള്‍ ഇതുവരെ ഭൂമിയിലെത്തിയിട്ടില്ലെന്നു വിശ്വസിക്കുന്ന ശാസ്ത്രജ്ഞരും നിരവധിയാണ്. ഇതുവരെ അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തിയിട്ടില്ലെന്നും ഇതിനു കാരണമുണ്ടെന്നും അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. അന്യഗ്രഹജീവികളുമായി സമ്പര്‍ക്കം പുലര്‍ത്തുക എന്നത് ഒരു സ്വപ്നമല്ലെന്നും ഭാവിയിൽ എപ്പോഴെങ്കിലും സംഭവിക്കാവുന്ന കാര്യമാണെന്നുമാണ് നാഷണൽ അക്കാദമി ഓഫ് സയൻസ് അടക്കമുള്ള സ്ഥാപനങ്ങള്‍ പറയുന്നത്. ഇന്നു ജീവിച്ചിരിക്കുന്ന മനുഷ്യരിൽ പലര്‍ക്കും അന്യഗ്രഹജീവികളെ കാണാനുള്ള അവസരമുണ്ടായേക്കാമെന്നും ഗവേഷകര്‍ പറയുന്നു. എന്നാൽ ഭൂമിയ്ക്ക് പുറത്തുണ്ടെന്നു പറയപ്പെടുന്നവര്‍ എവിടെയാണെന്നതാണ് നിര്‍ണായകമായ ചോദ്യം. ഇതിനിടയിലാണ് പുതിയ നിഗമനവുമായി ഗവേഷകര്‍ എത്തുന്നത്. സൗരയൂഥത്തിനു പുറത്ത് മറ്റെവിടെയെങ്കിലും ജീവനുണ്ടാകാമെങ്കിലും അവിടുത്തെ നാഗരികത ഭൂമിയിൽ ജീവനുണ്ടെന്നു കണ്ടെത്തുന്നതിനു മുൻപേയോ ഇത്രയും വലിയ ഗവേഷണത്തിനുള്ള പ്രാപ്തി കൈവരിക്കുന്നതിനു മുൻപെയോ നശിച്ചു പോയിരിക്കാമെന്നും ഗവേഷകര്‍ പറയുന്നു. റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് ജേണലിൽ മെയ് നാലിന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഭൂമിയ്ക്ക് പുറത്തുള്ള പല നാഗരികത പലപ്പോഴും സ്വയം നശിച്ചു പോയിരിക്കാമെന്നും അവരുടെ ഗ്രഹത്തിനു പുറത്തേയ്ക്ക് വളരേണ്ടതില്ലെന്ന അവസ്ഥയിൽ എത്തിയിട്ടുണ്ടാകാമെന്നുമാണ് ഗവേഷകരുടെ നിഗമനം. ഇത്രയും ഗവേഷണം നടത്തിയിട്ടും ഭൂമിയ്ക്ക് പുറത്ത് ജീവനോ വികസിതമായ നാഗരികതയോ കണ്ടെത്താൻ കഴിയാത്തതിൻ്റെ കാരണം ഇതാണെന്നും ഗവേഷകര്‍ പറയുന്നു. ഭൂമിയിലെ നഗരങ്ങളിൽ കാണുന്ന സൂപ്പര്‍ലീനിയര്‍ അവസ്ഥയാണ് അന്യഗ്രഹങ്ങളിലും സംഭവിച്ചിട്ടുണ്ടാകുക എന്നാണ് ഗവേഷകര്‍ പറയുന്നത്. നഗരങ്ങള്‍ വളരുമ്പോള്‍ ഊര്‍ജ ഉപഭോഗവും കൂടും. ജനസംഖ്യയുടെ വര്‍ധനവിന് അനുസരിച്ചാണ് ഊര്‍ജത്തിൻ്റെ ഉപഭോഗവും കൂടുന്നതെങ്കിൽ ഇത് സിംഗുലാരിറ്റി എന്ന അവസ്ഥയിലേയ്ക്ക് എത്താൻ കാരണമാകും. പരിമിതമായ സമയത്തിനുള്ളിൽ ജനസംഖ്യയും ഊര്‍ജ ഉപഭോഗവും അനന്തമായി വര്‍ധിക്കുന്ന അവസ്ഥയാണിത്. ഭൂമിയിൽ നിലവിലുള്ള സൂപ്പര്‍ ലീനിയര്‍ വളര്‍ച്ച തുടര്‍ന്നാൽ ഭൂമിയിലെ മനുഷ്യജീവനും അവസാനിക്കുമെന്നും ഗവേഷകര്‍ പഠനത്തിൽ പറയുന്നു. ഈ പ്രതിസന്ധി ഒഴിവാക്കാനായി നവീനമായ ഉപായങ്ങള്‍ കണ്ടെത്തുന്നു. ഇതു കൂടുതൽ പ്രതിസന്ധിയ്ക്ക് കാരണമാകുകയും നാഗരികത തകരുകയും ചെയ്യും. ഭൂമിയിലെ നഗരങ്ങളെല്ലാം വലുപ്പമേറി വന്നാൽ ഭാവിയിൽ ഒരൊറ്റ ആഗോള നഗരമായി മാറും. ഇത് മനുഷ്യരാശിയുടെ നാശത്തിനും കാരണമാകും. എന്നാൽ ഇത്തരം നാഗരികതയുള്ള ഗ്രഹങ്ങളിൽ നിന്ന് വളരെയധികം ഊര്‍ജം പുറത്തു വരുന്നതിനാൽ അവ കണ്ടെത്താൻ താരതമ്യേന എളുപ്പമായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഭൂമിയും നിലവിൽ ഈ പാതയിലാണെന്നും എന്നാൽ ഇത് മനുഷ്യരാശിയുടെ നാശത്തിനു കാരണമായേക്കാമെന്നുമാണ് ഗവേഷകര്‍ വാദിക്കുന്നത്. എന്നാൽ ആണവ നിരായുധീകരണം അടക്കമുള്ള നീക്കങ്ങൾ പ്രതീക്ഷ നല്‍കുന്നതാണെന്നും ഗവേഷകര്‍ ലേഖനത്തിൽ പറയുന്നു.

أحدث أقدم