ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രി ഒരാഴ്ചയ്ക്കുള്ളിൽ; പ്രസിഡന്റ്


കൊളംബോ: ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രി ഈ ആഴ്ച തന്നെ അധികാരത്തിൽ എത്തുമെന്ന് പ്രസിഡന്റ് ഗോതാബായ രാജപക്സെ. പുതിയ മന്ത്രിസഭയുടെ രൂപീകരണവും വൈകാതെ തന്നെയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് അധികാരങ്ങൾ എടുത്തു കളയുന്ന ഭരണഘടന ഭേദഗതി പുതിയ സർക്കാരുമായി ആലോചിച്ച് നടപ്പാക്കുമെന്നും പാർലമെന്റിനെ ശാക്തീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭരണകൂടത്തിനെതിരെ ആക്രമണങ്ങൾ ശക്തമായി വരികയാണ്. മഹിന്ദ രാജപക്‌സെയെ പ്രധാനമന്ത്രിപദം രാജിവെച്ചതോടെയാണ് പ്രതിഷേധം കലാപത്തിലേക്ക് വഴിമാറിയത്.തിങ്കളാഴ്‌ചയുണ്ടായ സംഭവം വളരെ ദൗർഭാഗ്യകരമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. കൊലപാതകങ്ങൾ, ആക്രമണങ്ങൾ, ഭീഷണിപ്പെടുത്തൽ, സ്വത്ത് നശിപ്പിക്കൽ, തുടർന്നുണ്ടായ ഹീനമായ പ്രവർത്തനങ്ങളുടെ പരമ്പര ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രസംഗത്തിന് മിനിറ്റുകൾക്ക് മുമ്പ് ഗോതബയ യുഎൻപി നേതാവ് റനിൽ വിക്രമസിംഗെയുമായി ചർച്ച നടത്തിയിരുന്നു. ഇതോടെ, റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ സർക്കാരിന്റെ പ്രധാനമന്ത്രി രാജ്യത്തേക്ക് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പുതിയ പദ്ധതി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ രണ്ട് ദിവസമായി ശ്രീലങ്കയിൽ സർക്കാർ ഇല്ലാത്ത അവസ്ഥയാണുള്ളത്.തിങ്കളാഴ്ചയാണ് പ്രസിഡന്റിന്റെ മൂത്ത സഹോദരൻ കൂടിയായ മഹിന്ദ രജപക്സെ പ്രധാനമന്ത്രി പദം രാജിവെച്ചത്. ഇദ്ദേഹത്തിന്റെ അനുയായികൾക്ക് നേരെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് നടത്തിയ ആക്രമണത്തെ തുടർന്നാണ് അദ്ദേഹം രാജിവച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വിശ്വസ്തരായ രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം ഒമ്പത് പേർ മരിച്ചിരുന്നു.  പിന്നീട്, ഹെലികോപ്റ്ററിൽ രക്ഷപെട്ട മഹിന്ദ ട്രിങ്കോമാലിയിലെ നാവിക താവളത്തിൽ അഭയം തേടിയിരിക്കുകയാണ്. മഹിന്ദയെ ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്ന വാർത്തകൾ ഇന്ത്യൻ എംബസി നിഷേധിച്ചു. അതിന് പുറമെ, ശ്രീലങ്കയിലേക്ക് സേനയെ അയക്കുമെന്ന അഭ്യൂഹങ്ങളും ഇന്ത്യ തള്ളിയിട്ടുണ്ട്.

أحدث أقدم