തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥിയില്ല; തെരഞ്ഞെടുപ്പുകള്‍ ജനങ്ങളുടേതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി . ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് സമൂഹ മാധ്യമങ്ങള്‍ വഴിയാണറിഞ്ഞത്. സ്ഥാനാര്‍ത്ഥി വിവാദത്തെ കുറിച്ച് സഭാ മുഖ പത്രത്തില്‍ വന്ന ലേഖനത്തിന് പിന്നാലെയാണ് കര്‍ദിനാളിന്റെ പ്രതികരണം.

സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന ആരോപണം വോട്ട് സ്വരൂപിക്കാനും ഭിന്നിപ്പിക്കാനുമുള്ള ആസൂത്രിത നീക്കമെന്നാണ് സഭയുടെ മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. അതേ നിലപാട് കര്‍ദിനാളും ആവര്‍ത്തിച്ചു. ആശുപത്രിയില്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചത്

 സാന്ദര്‍ഭികമായിട്ടാണെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പുകള്‍ ജനങ്ങളുടെതാണ്. അതില്‍ സഭ ഇടപെടാറില്ല. എന്നാല്‍ സഭയുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും വിശ്വാസികള്‍ വോട്ടു ചെയ്യുകയെന്നും കര്‍ദിനാള്‍ പറഞ്ഞു.

സമദൂരം എന്നത് നിക്ഷിപ്ത താത്പര്യങ്ങള്‍ ഉള്ളവരുടെ നിലപാടാണെന്നും അതിനോട് യോജിപ്പില്ലെന്നും കര്‍ദിനാള്‍ മറുപടി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയും രാവിലെ കര്‍ദിനാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഭയുടെ അനുഗ്രഹമുണ്ടെന്ന് ഉമാ തോമസ് വ്യക്തമാക്കി. സഭയുടെ പിന്തുണയുണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ സഭയുടെ മേല്‍ പഴിചാരാനുള്ള ചിന്ത അപകടകരമാണെന്ന് ദീപിക ദിനപത്രത്തിലെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് കര്‍ദിനാളിന്റെ പരസ്യ പ്രതികരണം. സഭാ സ്ഥാപനങ്ങളെ ആക്രമിക്കാന്‍ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു .


أحدث أقدم