സാധാരണ ജോലി രാത്രിയില്‍, അപ്രതീക്ഷിതമായി മാറിയ ജോലി സമയം കവര്‍ന്നത് ശ്രീകുമാറിന്‍റെ ജീവന്‍

 


അബുദാബി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട രണ്ട് മലയാളികളില്‍ ഒരാള്‍ ആലപ്പുഴ ചെങ്ങന്നൂര്‍ വെണ്‍മണി പാലത്തിട്ട മലയില്‍ വീട്ടില്‍ ശ്രീകുമാര്‍ (43) ആണ്. ദീര്‍ഘകാലം പ്രവാസി ആയിരുന്ന ശ്രീകുമാര്‍ കുറച്ചുനാള്‍ നാട്ടില്‍ കഴിഞ്ഞ കഴിഞ്ഞ ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് വീണ്ടും അബുദാബിയില്‍ തിരിച്ചെത്തിയത്. ഖയാമത്ത് കമ്പനിയിലാണ് ശ്രീകുമാര്‍ ജോലിയില്‍ പ്രവേശിച്ചത്.

സാധാരണയായി രാത്രിയിലാണ് ശ്രീകുമാര്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍, തിങ്കളാഴ്ച അപ്രതീക്ഷിതമായി പകല്‍ ജോലി ചെയ്യേണ്ടി വന്നു. ഇതിനിടെ ഉണ്ടായ അപകടത്തിലാണ് ശ്രീകുമാറിന് ജീവന്‍ നഷ്ടമായത്. അപകട വിവരമറിഞ്ഞ് ദുബായില്‍ ഉണ്ടായിരുന്ന ശ്രീകുമാറിന്റെ സഹോദരന്‍ അബുദാബിയില്‍ എത്തിയിരുന്നു. രാമകൃഷ്ണന്‍ നായര്‍- പൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ- കൃഷ്ണകുമാരി. മക്കള്‍- അനുശ്രീ, ധനുശ്രീ. സഹോദരങ്ങള്‍- നന്ദകുമാര്‍, ശ്രീകുമാരി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

അപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയായ കാഞ്ഞങ്ങാട് കൊളവയല്‍ കാറ്റാടിയിലെ ദാമോദരന്റെ മകന്‍ ധനേഷ് (32) ആണ് മരിച്ചത്. മരണം സംബന്ധിച്ച് നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം റസ്റ്ററന്റില്‍ പാചകവാതക സംഭരണി പൊട്ടിത്തെറിച്ചായിരുന്നു അപകടം ഉണ്ടായത്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.പാകിസ്ഥാന്‍ സ്വദേശിയാണ് മരിച്ച മൂന്നാമത്തെയാള്‍.

പരുക്കേറ്റ 120 പേരില്‍ 106 പേരും ഇന്ത്യക്കാരാണെന്നും എംബസി അറിയിച്ചു. ഇവരില്‍ ചിലരുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുന്നുണ്ടെന്നും അധികൃതര്‍ ഉറപ്പുനല്‍കി. ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റി, ബുര്‍ജീല്‍ ഹോസ്പിറ്റല്‍, എന്‍എംസി, മെഡിയോര്‍, ലൈഫ്‌ലൈന്‍, മെഡിക്ലിനിക്ക്, ക്ലീവ്‌ലാന്റ് എന്നീ ആശുപത്രികളിലാണ് പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്. പരുക്കേറ്റവരെ ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഹാമിദ്, വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ കഅബി എന്നിവര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ആളുകള്‍ തിങ്ങിത്താമസിക്കുന്ന ഖാലിദിയ്യയിലെ റെസ്റ്റൊറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫുഡ് കെയര്‍ റെസ്റ്റോറന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്ന് അബുദാബി പോലീസ് അറിയിച്ചു. രണ്ടുതവണ സ്‌ഫോടനമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. ആറ് കെട്ടിടങ്ങള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപാട് സംഭവിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ട്. ആദ്യം ചെറുതും പിന്നീട് വലിയ തോതിലും സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

أحدث أقدم