തിരുവനന്തപുരം: കര്‍ക്കശ നിലപാടുകളിലൂടെ ശ്രദ്ധേയനായ സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമി വീണ്ടും കടുപ്പിക്കുന്നു. ഇത്തവണ പാര്‍ലമെന്റിറി കാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പിന്‍വാതില്‍ നിയമനത്തിനാണ് സ്വാമി 'റെഡ് സിഗ്നല്‍' ഉയര്‍ത്തിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ 9 വര്‍ഷത്തിലേറെയായി പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രോഗ്രാം ഓഫീസര്‍ തസ്തികയില്‍ തുടര്‍ന്ന വ്യക്തിയെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടിട്ടുണ്ട്. ഇനിയുള്ള നിയമനങ്ങള്‍ എല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുമെന്നും രാജു നാരായണ സ്വാമി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വര്‍ഷങ്ങളോളം പേര് രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്ന സാധാരണക്കാരെ അവഗണിക്കുകയും ഇഷ്ടക്കാരെ തിരുകി കയറ്റുകയും ചെയ്യുന്ന രീതിയ്ക്കാണ് രാജു നാരായണസ്വാമി തടയിട്ടിരിക്കുന്നത്. പിന്‍വാതില്‍ നിയമനം ഒരു കാരണവശാലും അനുവദിക്കില്ലന്ന കര്‍ക്കശ നിലപാടിലാണ് അദ്ദേഹമുള്ളത്.
സിവില്‍ സര്‍വിസ് പരീക്ഷ ഒന്നാം റാങ്കോടെ പാസായ സ്വാമി, അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഉദ്യാഗസ്ഥനാണ്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ സ്വാമി എസ്.എസ്.എല്‍.സി മുതല്‍ എഴുതിയ പരീക്ഷകളില്‍ മിക്കതിലും ഒന്നാം റാങ്കോടെയാണ് പാസായിട്ടുള്ളത്. മദ്രാസ് ഐ.ഐ.ടിയിലെ റാങ്ക് ഹോള്‍ഡറായ രാജു, 16 ബിരുദാനന്തര ബിരുദ പരീക്ഷകളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
1991 ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവില്‍ പാര്‍ലമെന്ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. അഞ്ചു ജില്ലകളില്‍ കളക്ടറായും കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍, മാര്‍ക്കറ്റ് ഫെഡ് എം.ഡി, കാര്‍ഷികോല്പാദന കമ്മീഷണര്‍, കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനായതിലും സ്വാമിക്ക് തന്നെയാണ് റെക്കോര്‍ഡ്. മുപ്പത്തിനാല് തവണയാണ് അദ്ദേഹം കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകനായി പ്രവര്‍ത്തിച്ചിരിക്കുന്നത്.. ഏറ്റവും ഒടുവില്‍ മഹാരാഷ്ട്ര കോല്‍ഹാപ്പൂരിലെ ഉപതെരഞ്ഞെടുപ്പിലാണ് അദ്ദേഹം നിരീക്ഷക വേഷത്തിലെത്തിയിരുന്നത്.