വിവാഹ മോചനം നേടിയെങ്കിലും മക്കൾക്കായി വീണ്ടും ഒത്തുകൂടി: യാത്ര കലാശിച്ചത് കൂട്ടമരണത്തിൽ, നോവായി നേപ്പാളിലെ ഇന്ത്യൻ വംശജരുടെ മരണം

 


കാഠ്മണ്ഡു : നേപ്പാളിൽ വിമാനം തകർന്ന് മരിച്ച 22 പേരിൽ നാല് പേർ ഇന്ത്യക്കാരാണെന്ന വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. മഹാരാഷ്ട്രയിലെ താനെയിലെ ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. ആ കുടുംബത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവരികയാണ്. വിവാഹ മോചനത്തിലൂടെ ജീവിതത്തിൽ വേർ പിരിഞ്ഞവർ മക്കൾക്കായി ഒരുമിച്ച് നടത്തിയ യാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്. 

അശോക് കുമാർ ത്രിപാഠിക്കും വൈഭവി ബന്ധേക്കർക്കും കോടതി വിവാഹ മോചനം അനുവദിച്ചത് ഉപാധികളോടെയയായിരുന്നു. എല്ലാ വർഷവും പത്ത് ദിവസം മക്കളോടൊപ്പം ഒരുമിച്ച് സമയം ചെലവഴിക്കണമെന്ന വ്യവസ്ഥയായിരുന്നു കോടതി മുന്നോട്ട് വെച്ചത്. ഇരുവരും സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്. മക്കളായ ധനുഷും റിതികയും വൈഭവിയ്‌ക്കൊപ്പം മഹാരാഷ്ട്രയിലാണ് താമസം.

കോടതിയുടെ നിർദ്ദേശം അനുസരിച്ച് ഇത്തവണ മക്കളോടെപ്പം അവധി ആഘോഷിക്കാൻ നേപ്പാളാണ് കുടുംബം തിരഞ്ഞെടുത്തത്. ആ യാത്രയ്ക്കിടെയാണ് പറന്നുയർന്ന വിമാനം കാണാതായതും പിന്നീട് തകർന്ന നിലയിൽ കണ്ടെത്തിയതും. 80 വയസ്സ് പ്രായമുള്ള അമ്മയ്‌ക്കൊപ്പം താനെയിലാണ് വൈഭവിയും മക്കളും താമസിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനാൽ അവരെ അപകടവിവരം അറിയിച്ചിട്ടില്ല. 

ഞാറാഴ്ചയാണ് നേപ്പാളിലെ വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറയിൽ നിന്ന് ടാര എയറിന്റെ ഇരട്ട എഞ്ചിൻ വിമാനമായ 9 NATE ടേക്ക് ഓഫ് ചെയ്തത്. പിന്നാലെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. നാല് ഇന്ത്യക്കാരും രണ്ട് ജർമ്മൻ സ്വദേശികളും 13 നേപ്പാൾ പൗരന്മാരും മൂന്ന് വൈമാനികരുമടക്കം 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

أحدث أقدم