ഭീകരവാദം; സൗദിയില്‍ രണ്ട് സ്വദേശികളെയും ഒരു വിദേശിയെയും വധശിക്ഷയ്ക്ക് വിധേയരാക്കി


റിയാദ്: സൗദി അറേബ്യയില്‍ ഭീകരവാദക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിച്ച മൂന്നു പേരുടെ ശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര വകുപ്പ് അറിയിച്ചു. രണ്ട് സൗദി പൗരന്മാരെയും ഒരു യമന്‍ പൗരനെയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച്  സൗദി പ്രസ്സ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുഹമ്മദ് ബൂ ഖിദിര്‍ ബിന്‍ ഹാഷിം അല്‍ അവാമിയാണ് വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട സൗദി പൗരന്‍മാരില്‍ ഒരാള്‍. ഭീകരവാദ സംഘടനയില്‍ അംഗമായി, രാജ്യത്തിന്റെ സുരക്ഷയെ അപകടപ്പെടുത്താന്‍ ശ്രമിച്ചു, രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിച്ചു, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണത്തിന് പദ്ധതിയിട്ടു, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ വീട്ടില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൂക്ഷിച്ചതായും രാജ്യത്ത് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടതായും കോടതി കണ്ടെത്തിയിരുന്നുവെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഹുസൈന്‍ ബിന്‍ അലി അല്‍ ബൂ അബ്ദുല്ലയാണ് വധശിക്ഷയ്ക്ക് വിധേയനായ മറ്റൊരു സൗദി പൗരന്‍. ഇയാള്‍ ഭീകരവാദ സംഘടനയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സുരക്ഷാ സൈനികനെ വെടിവച്ചുകൊല്ലുകയും ചെയ്തതിന്റെ പേരിലാണ് ശിക്ഷിക്കപ്പെട്ടത്. ഭീകരവാദ സംഘടനകളില്‍ നിന്ന് ആയുധങ്ങള്‍ സ്വന്തമാക്കുകയും അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും രാജ്യ സുരക്ഷയെ അപായപ്പെടുത്താന്‍ കൂട്ടുനില്‍ക്കുകയും ചെയ്തുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. മുഹമ്മദ് അബ്ദുല്‍ ബാസിത്ത് അല്‍ മുഅല്ലമിയാണ് വധിക്കപ്പെട്ട യമന്‍ പൗരന്‍. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമനിലെ ഹൂതി വിമതര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. രാജ്യത്ത് അനധികൃതമായി കടന്നുകയറിയ ഇയാള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടതായും കുറ്റപത്രത്തില്‍ പറയുന്നു. ഹൂതികള്‍ക്ക് വേണ്ടി രാജ്യത്തിനകത്ത് വെച്ച് ചാരപ്പണി നടത്തിയ ഇയാള്‍, സൗദിയുടെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ഹൂതികള്‍ക്ക് ചോര്‍ത്തിനല്‍കിയതായും ആരോപണമുണ്ട്. സൗദി സുരക്ഷാ കേന്ദ്രങ്ങള്‍ക്കു നേരെ ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍ ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടന്നതെന്നും കുറ്റപത്രത്തില്‍ കുറ്റപ്പെടുത്തി. നേരത്തെ സൗദി ക്രിമിനല്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും അത് അപ്പീല്‍ കോടതിയും സുപ്രിം കോടതിയും ശരിവയ്ക്കുകയും ചെയ്തിരുന്നതായും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

أحدث أقدم