മരണത്തിന് വിട്ടുകൊടുക്കില്ല; യുക്രൈനിൽ വളർത്തുപുലികൾക്കായി ബോംബ് ഷെൽട്ടർ നിർമ്മിച്ച് ഇന്ത്യൻ ഡോക്ടർ


കീവ്: ഓർമ്മയില്ലേ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ ഡോക്ടറെ. റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ സകലരും ജീവൻ നിലനിർത്താൻ രാജ്യം വിട്ട് ഓടുന്നതുനിടയിൽ താൻ ഓമനിച്ച് വളർത്തിയ കരിമ്പുലിയെയും പുള്ളിപ്പുലിയെയും ഉപേക്ഷിച്ച് എങ്ങോട്ടും ഇല്ലെന്ന് പറഞ്ഞ ഡോക്ടർ ഗിരികുമാർ പാട്ടീൽ അന്ന് ലോക ശ്രദ്ധ നേടിയിരുന്നു. 
കിഴക്കൻ യുക്രൈനിലെ ഡോൺബാസിൽ ഓർത്തോപീഡിക് സർജനായി ജോലി ചെയ്യുന്ന ഗിരികുമാർ ആന്ധ്രാ സ്വദേശിയാണ്. യുദ്ധം രൂക്ഷമായിരുന്നപ്പോൾ പോലും വളർത്തുമൃഗങ്ങൾക്ക് വേണ്ടി യുക്രൈനിൽ കഴിഞ്ഞ ഡോക്ടർ ഇപ്പോൾ രാജ്യം വിടാൻ ഒരുങ്ങുകയാണ്. അതും പുലികളുടെ സുരക്ഷ ഉറപ്പുവരുത്തിയശേഷം. കഴിഞ്ഞ ആറു വർഷമായി ഡോൺബാസ് മേഖലയിലാണ് ഗിരികുമാർ താമസിക്കുന്നത്. യുദ്ധത്തിനിടെ സ്വന്തം പൗരന്‍മാരെ രാജ്യത്തെത്തിക്കാൻ ഇന്ത്യ ശ്രമിക്കുന്നതിനിടെയായിരുന്നു വളർത്തുമൃഗങ്ങൾ അനാഥരാകുമെന്ന കാര്യം ചൂണ്ടിക്കാട്ടി താൻ ഇവിടെ തുടരുമെന്ന് ഗിരികുമാർ പറഞ്ഞത്. രണ്ട് മാസത്തിലേറെയായി സ്വന്തം ജീവന്‍ പണയം വച്ച് വളര്‍ത്തുമൃഗങ്ങള്‍ക്ക് കാവലിരിക്കുകയായിരുന്ന ഡോക്ടർ ഭക്ഷണ സാധനങ്ങൾക്ക് ഉൾപ്പെടെ പ്രതിസന്ധി നേരിടാൻ തുടങ്ങിയതോടെയാണ് രാജ്യം വിടാനുള്ള തീരുമാനത്തിലേക്ക് കടന്നത്. രാജ്യം വിടുമ്പോഴേക്കും വളർത്തുമൃഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള തയ്യാറെടുപ്പുകൾ ഗിരികുമാർ നടത്തുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്‍റെ പുലികളുടെ സുരക്ഷയ്ക്കായി 80 ലക്ഷം രൂപ മുടക്കി ഒരു ബോംബ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കുകയാണ് ഡോക്ടർ. യുക്രൈനിൽ റഷ്യൻ സൈനിക നീക്കം തുടരുന്നതിനിടെ മറ്റ് വഴികൾ ഇല്ലാതെ വന്നതോടെയാണ് ഡോക്ടർ ഉള്ളതെല്ലാം വിറ്റുപെറുക്കി പുലികൾക്ക് ഷെൽട്ടർ നിർമ്മിക്കുന്നത്. ''ഞാന്‍ 200 മീറ്റര്‍ നീളമുള്ള ഒരു ബോംബ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കുകയാണ്. ഏകദേശം 80 ലക്ഷം രൂപ ഞാന്‍ ഇതിനായി ചെലവഴിച്ചു. മൃഗശാലകൾ പുലികളെ സംരക്ഷിക്കാൻ തയ്യാറാകാത്തതിനാൽ എനിക്ക് മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല." ഡോക്ടർ ഗിരികുമാർ പറഞ്ഞു. ബോംബുകളില്‍ നിന്നും, മിസൈലുകളില്‍ നിന്നും അവയെ സംരക്ഷിക്കാന്‍ ഇതല്ലാതെ മറ്റ് വഴികളില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു. വീട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ എന്നെ വിളിക്കാറുണ്ടായിരുന്നു. പക്ഷേ എനിക്ക് ഇവയെ ഉപേക്ഷിച്ച് മടങ്ങാൻ കഴിയുമായിരുന്നില്ലെന്നും പാട്ടീൽ പറഞ്ഞു. പുലികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഡോക്ടർ ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നത്. നിർമ്മാണ ചെലവ് കണ്ടെത്താനായി കാർ ഉൾപ്പെടെയുള്ള സ്വത്തുക്കൾ അദ്ദേഹം വിറ്റു. ആറ് പേരടങ്ങുന്ന സംഘം ഒരു മാസത്തിലേറെയായി ഷെല്‍ട്ടര്‍ നിര്‍മ്മിക്കാനുള്ള ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലേക്ക് മടങ്ങി എത്തിയ ശേഷം തന്‍റെ അരുമകളെയും കൊണ്ടുവരാൻ സാധ്യമായ എല്ലാ മാർഗങ്ങളും തേടുമെന്നും ഗിരികുമാർ പറഞ്ഞു. വർഷങ്ങളായി യുക്രൈനിലുള്ള ഡോക്ടറുടെ പുള്ളിപ്പുലിക്ക് 20 മാസമാണ് പ്രായം. യാഷ എന്നാണ് പുള്ളിപ്പുലിയുടെ പേര്, സബ്രീന എന്ന് പേരുള്ള കരിമ്പുലിക്ക് ആറ് മാസം പ്രായമേ ആയിട്ടുള്ളു.

أحدث أقدم