വിജയ് ബാബു തിങ്കളാഴ്ചയെത്തും; മടക്ക ടിക്കറ്റ് കോടതിയില്‍ ഹാജരാക്കി





 
കൊച്ചി : യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു ഈ മാസം 30 നെത്തും. ദുബായില്‍ നിന്നും കൊച്ചിയിലേക്ക് ഈ മാസം 30 ന് വിജയ് ബാബു വിമാന ടിക്കറ്റെടുത്തു. യാത്രാ രേഖകൾ വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. ഈ സാഹചര്യത്തില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം ഇന്നെത്തിയില്ലങ്കെില്‍ വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് കൊച്ചി പൊലീസിന്റെ നീക്കം. ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ ശ്രമം.കൊച്ചി പൊലീസ്, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുമായി ബന്ധപ്പെട്ടിരുന്നു.

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചിരുന്നു. ആദ്യം മടക്കടിക്കറ്റ് ഹാജരാക്കൂ, എന്നിട്ട് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാം എന്നായിരുന്നു കോടതി പറഞ്ഞത്. ഇതിനു പിന്നാലെയാണ് ജോർജിയയിൽ ഒളിവിലായിരുന്ന വിജയ് ബാബു ദുബായിൽ മടങ്ങിയെത്തിയത്. 

അതേസമയം ദുബായിൽ കഴിയുന്ന വിജയ് ബാബു അറസ്റ്റ് ഒഴിവാക്കാനുള്ള പരമാവധി ശ്രമങ്ങൾ തുടരുകയാണ്. നിലവിൽ ലുക്കൗട്ട് സർക്കുലർ നിലനിൽക്കുന്നതിനാൽ വിമാനത്താവളത്തിൽ എത്തിയാൽ എമിഗ്രേഷൻ വിഭാഗം പ്രതിയെ തടഞ്ഞ് വെച്ച് അറസ്റ്റ് ചെയ്യും. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീരുമാനം അറിഞ്ഞ ശേഷം തിരിച്ചെത്തിയാൽ മതിയെന്നാണ് വിജയ് ബാബുവിന് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്ന് റിപ്പോർട്ടുകളുണ്ട്.


أحدث أقدم