തിരുവനന്തപുരം: ആയുധമേന്തി യുവതികള്‍ നടത്തിയ പഥസഞ്ചലനം വിവാദമാകുന്നു. സംഭവത്തില്‍ പരാതി നല്‍കിയിട്ടും ഇതുവരെ പൊലീസ് നടപടിയെടുത്തില്ലെന്ന ആരോപണമാണ് എസ്ഡിപിഐ ഉയർത്തുന്നത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴക്കി മാരകായുധങ്ങളുമായി പെണ്‍കുട്ടികള്‍ മാര്‍ച്ച് ചെയ്തു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതി. സംഭവം പരിശോധിച്ച് വരികയാണെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കര കീഴാറൂറില്‍ ആയുധമേന്തി പഥസഞ്ചലനം നടന്നത്. വിഎച്ച്‌പി വനിത വിഭാഗമായ ദുര്‍ഗാവാഹിനിയുടെ നേതൃത്വത്തിലായിരുന്നു പഥസഞ്ചലനം.കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് വാളേന്തി പ്രകടനം നടത്തിയത്. കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ ദിവസങ്ങളോളം നീണ്ടുനിന്ന ദുര്‍ഗാവാഹിനി ക്യാമ്പിന്റെ സമാപന ദിനത്തിലാണ് കഴിഞ്ഞ ഞായറാഴ്ച ആയുധമേന്തി പ്രകടനം നടത്തിയത്. പഥസഞ്ചലനത്തിന് മുന്നിലും പിന്നിലുമായി എട്ടോളം വാളുകള്‍ തോളില്‍ വച്ചു കൊണ്ടാണ് വനിതകള്‍ പ്രകടനം നടത്തിയത്.