തിരുവിതാംകൂറിലും മലബാറിലും പട്ടി പട്ടി തന്നെ'; സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി

'




കെ സുധാകരന്‍, പിണറായി വിജയന്‍ / ഫയല്‍
 

തിരുവനന്തപുരം: മുഖ്യമന്ത്രിയെ 'ചങ്ങല അഴിച്ചിട്ട പട്ടി'യെന്ന് വിളിച്ച് അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ സുധാകരന്റെ പ്രസ്താവന ജനം വിലയിരുത്തട്ടെ. തിരുവിതാംകൂറിലും മലബാറിലും പട്ടി പട്ടി തന്നെയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവിതാംകൂറിലും മലബാറിലും ചങ്ങലയെ ചങ്ങല എന്ന് തന്നെയാണ് പ്രയോഗിക്കുക. ഓരോരുത്തരുടെയും സംസ്‌കാരത്തിന് അനുസരിച്ചാണ് പെരുമാറുന്നത്. ഇത് തെറ്റാണോ ശരിയാണോ എന്നത് സമൂഹം വിലയിരുത്തട്ടെ. കേസെടുക്കണമെന്ന് സര്‍ക്കാരിന് വലിയ താത്പര്യമൊന്നുമില്ലെന്നും കെ സുധാകരന്റെ പ്രസ്താവന സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാകാം സുധാകരനെതിരെ കേസെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ വിജയം ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി പിണറായി വിജയന്‍ പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ പ്രതിബദ്ധതതോടെ നിറവേറ്റിയതായി മുഖ്യമന്ത്രി അറിയിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഭരണനേട്ടങ്ങള്‍ എണ്ണിയെണ്ണി പറയുകയായിരുന്നു മുഖ്യമന്ത്രി.

ലൈഫ് പദ്ധതിയുടെ ഭാഗമായി 2,95000 വീടുകള്‍ പൂര്‍ത്തീകരിച്ച് നല്‍കി. അത് ഉടന്‍ 3 ലക്ഷമായി ഉയര്‍ത്താനാവും. 2017 മുതല്‍ 2021 മാര്‍ച്ച് 31 വരെ ലൈഫ് പദ്ധതി പ്രകാരം 2,62,131 വീടുകളുടെയും തുടര്‍ന്ന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 32,875 വീടുകളും ഉള്‍പ്പെടെയാണ് 2,95,006 വീടുകളുടെ നിര്‍മ്മാണം ആറു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്.

ഭൂരഹിതര്‍ക്ക് 15,000 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം കവിഞ്ഞ് 33,530 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഈ വര്‍ഷം ആകെ 47,030 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഉടന്‍ വിതരണം ചെയ്യാനായി 3,570 പട്ടയങ്ങള്‍ സജ്ജമാണ്.

കെഫോണ്‍ പദ്ധതിയുടെ കണക്ഷന്‍ 20,750 ഓഫീസുകള്‍ക്ക് നല്‍കി. 140 നിയമസഭാ മണ്ഡലങ്ങളിലായി ഒരോ മണ്ഡലത്തിലും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട 100 കുടുംബങ്ങള്‍ക്ക് വീതം സംസ്ഥാനത്തൊട്ടാകെ 14,000 കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ അതിവേഗതയില്‍ പുരോഗമിച്ചുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.


أحدث أقدم