ശരീരത്തിൽ കയറിയിരുന്നും ബലം പ്രയോ​ഗിച്ചും കൊവിഡ് പരിശോധന: ചൈനയുടെ നടപടിക്കെതിരെ വിമർശനം

 

ബെയ്ജിങ്ങ്: വീണ്ടും കൊവിഡ് കേസുകൾ ഉയർന്നതോടെ സമ്പൂർണ ലോക് ഡൗണിലേക്ക് നീങ്ങിയിരിക്കുകയാണ് ചൈന. എന്നാൽ, വ്യാപകമായ കൊവിഡ് പരിശോധനയ്ക്കെതിരെ വിമർശനങ്ങളും ശക്തമായി ഉയർന്നിരിക്കുകയാണ്. ബലപ്രയോഗത്തിലൂടെ നാലഞ്ച് പേർ ചേർന്ന് നടത്തുന്ന കൊവിഡ് പരിശോധനയ്ക്കാണ് വിമർശനം ഉയർന്നിരിക്കുന്നത്. ഇത്തരത്തിൽ മനുഷ്യാവകാശ ലംഘനത്തിന്റെ നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എല്ലാത്തിലും ബലപ്രയോഗത്തിലൂടെ ആളുകളെ പരിശോധിക്കുന്നതിന് ദൃശ്യങ്ങളാണുള്ളത്. ഷാങ്ങ്ഹായ് അടക്കമുള്ള പ്രദേശങ്ങളിലാണ് നിലവിൽ ലോക് ഡൗണുള്ളത്. കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തുടർച്ചയായ പരിശോധനകളാണ് ചൈനയുടെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കിയിരിക്കുന്നത്. തുടർച്ചയായ കൊവിഡ് പരിശോധനയ്ക്കു വിധേയരാക്കുന്നതിൽ ജനം കടുത്ത അതൃപ്‌തി പ്രകടിപ്പിക്കുന്നതിനിടെ ബലം പ്രയോഗിച്ച് കൊവിഡ് ടെസ്റ്റ് നടത്താനുള്ള ശ്രമങ്ങളുമായി ആരോഗ്യപ്രവർത്തകർ മുന്നോട്ടു പോകുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. തെരുവോരത്തോ മറ്റോ ആയി നിലത്ത് കിടത്തിയ യുവതിയുടെ ശ്രവം ശേഖരിക്കുന്നത് കാണാൻ സാധിക്കും. സാംപിൾ ശേഖരിക്കാനുള്ള ആരോഗ്യപ്രവർത്തകന്റെ ശ്രമങ്ങളെ യുവതി ചെറുക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. ബലം പ്രയോഗിച്ച് യുവതിയുടെ ശരീരത്തിൽ കയറിയിരുന്ന് വായ് തുറപ്പിച്ചാണ് ഇയാൾ സ്ത്രീയെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്.

أحدث أقدم