ഖുത്ബ് മീനാർ നിർമിച്ചത് വിക്രമാദിത്യ മഹാരാജാവ്, ഉദ്ദേശം സൂര്യനെ നിരീക്ഷിക്കലെന്ന് മുൻ പുരാവസ്ഥു വകുപ്പ് ഉദ്യോഗസ്ഥൻ







ന്യൂഡൽഹി: താജ്മഹലിന് പിന്നാലെ ഖുത്ബ് മിനാർ നിർമ്മിച്ചതും രാജകുടുംബമാണെന്ന് അവകാശവാദം. പുരാവസ്ഥു സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) മുൻ റീജണൽ ഡയറക്ടർ ധരംവീർ ശർമയാണ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.

 ഖുത്ബ് മീനാർ നിർമിച്ചത് ഖുത്ബ് അൽ-ദിൻ ഐബക് അല്ലെന്നും വിക്രമാദിത്യ മഹാരാജാവാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇത് സൂര്യനെ നിരീക്ഷിക്കാൻ ലക്ഷ്യം വച്ച് ഉണ്ടാക്കിയിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, "ഇത് ഖുത്ബ് മിനാർ അല്ല, ഒരു സൂര്യ ഗോപുരം (നിരീക്ഷണ ഗോപുരം). അഞ്ചാം നൂറ്റാണ്ടിൽ രാജാ വിക്രമാദിത്യയാണ് ഇത് നിർമ്മിച്ചത്, ഖുത്ബ് അൽ-ദിൻ ഐബക്കല്ല. ഇത് സംബന്ധിച്ച് ധാരാളം തെളിവുകൾ എന്റെ പക്കൽ ഉണ്ട്,". അതിന് പുറമെ, പുരാവസ്ഥു വകുപ്പിന് വേണ്ടി നിരവധി തവണ ഖുത്ബ് മിനാർ സർവേ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ഖുത്ബ് മിനാർ ടവറിൽ 25 ഇഞ്ച് ചരിവുണ്ട്. സൂര്യനെ നിരീക്ഷിക്കാൻ വേണ്ടിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ജൂൺ 21 ന്, സംക്രമദിവസം കുറഞ്ഞത് അര മണിക്കൂർ എങ്കിലും ആ ഭാഗത്ത് നിഴൽ വീഴില്ല. ഇത് ശാസ്ത്രമാണ് അതുപോലെ തന്നെ പുരാവസ്തു പ്രകാരമുള്ളതാണെന്നും," അദ്ദേഹം അവകാശപ്പെട്ടു.

അതുമാത്രമല്ല, ഖുത്ബ് മിനാർ ഒരു സ്വതന്ത്ര നിർമാണ ഘടന വച്ചുള്ളതാണെന്നും അത് മസ്ജിദുകളുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഖുത്ബ് മിനാറിന്റെ വാതിൽ പോലും വടക്കോട്ടാണുള്ളത്. അത് രാത്രി ആകാശത്ത് ധ്രുവനക്ഷത്രം കാണുവാനാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ താജ്മഹൽ സ്ഥിതി ചെയ്യുന്ന ഭൂമി ജയ്പൂർ രാജ കുടുംബത്തിന്റേതായിരുന്നു എന്ന അവകാശവാദവുമായ ബിജെപി രംഗത്ത് വന്നിരുന്നു. രാജകുടുംബത്തിൽ നിന്ന് മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ ഭൂമി കൈവശപ്പെടുത്തിയതാണെന്നും ബിജെപിയുടെ രാജസ്ഥാനിൽ നിന്നുള്ള എംപിയായ ദിയ കുമാരി ആരോപിച്ചു. ഇത് സംബന്ധിച്ച രേഖകൾ തന്റെ കൈവശമുണ്ടെന്നും അവർ അവകാശപ്പെട്ടു.

താജ്മഹലിലെ 20 മുറികൾ തുറന്ന് പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് അനുമതി നൽകണമെന്നും എംപി ആവശ്യപ്പെട്ടു.
أحدث أقدم