മോഷണശ്രമമാണെന്ന് കരുതി ആശ്വസിച്ചു പക്ഷേ മോഷ്ടാക്കള്‍ കൊണ്ടുപോയത് രണ്ടുലക്ഷം വിലയുള്ള 14 ടാബുകള്‍



പാലക്കുന്ന് ▪️ കള്ളന് സ്‌കൂളിലെന്താണ് കാര്യം എന്നായിരുന്നു ഇന്നലെ വരെ എല്ലാവരുടെയും ചോദ്യം. ഒന്നും നഷ്ടപ്പെട്ടില്ലെന്ന പ്രാഥമിക അന്വേഷണത്തില്‍  ആശ്വസിച്ചിരുന്ന സ്‌കൂള്‍ അധികൃതര്‍ തിങ്കളാഴ്ച നടന്നത് വെറും  മോഷണശ്രമം മാത്രമായിരുന്നുവെന്ന്   കരുതി സമാധാനിച്ചു. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കയറി ഷട്ടറുകളും വാതിലുകളും പൊളിച്ച് തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി രണ്ടു പേരടങ്ങുന്ന തസ്‌കര സംഘം കൈക്കലാക്കി സ്ഥലം വിട്ടത് 14 പുത്തന്‍ ടാബുകളുമായിട്ടായിരുന്നുവെന്ന് ബുധനാഴ്ച രാവിലെയാണ് അറിയാനായത്. തലേന്നാളത്തെ അന്വേഷണത്തിന്റെ ഭാഗമായി ബേക്കല്‍ പോലീസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്ന്  
കെ.9 സ്‌ക്വാഡില്‍ നിന്ന് പോലീസ് നായയും വിരലടയാള ബ്യൂറോയിലെ  വിദഗ്ധരും സ്‌കൂളിലെത്തിയിരുന്നു.
ഓഫീസ് മുറിയിലെ അലമാരയില്‍ നിന്ന് ടാബുകള്‍ കാണാതായ വിവരം ബുധനാഴ്ച്ച ബേക്കല്‍ പോലീസില്‍ അറിയിച്ചു.  നഷ്ടപെട്ട ടാബുകളുടെ ഐ.എം.ഇ.ഐ.നമ്പര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. കംപ്യൂട്ടര്‍, പ്രിന്‍സിപ്പല്‍, ഓഫീസ് മുറികളില്‍  രണ്ടു പേര്‍ കയറിയ ദൃശ്യം സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നുവെങ്കിലും അവര്‍ മുഖം മറച്ച നിലയിലായിരുന്നു. ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷത്തോളം വിലവരുന്ന ടാബുകള്‍ കാണാതായ വിവരം ബുധനാഴ്ച്ച  രാവിലെയാണ് സ്‌കൂള്‍ അധികൃതര്‍ അറിയുന്നത്.  സ്മാര്‍ട്ട് ക്ലാസുമായി ബന്ധപ്പെട്ട് ലീഡ് സ്‌കൂളിന്റെ ഭാഗമായി കുട്ടികളുടെ  പഠന സഹായത്തിനായുള്ള ഈ ടാബുകള്‍ ഏതാനും മാസം മുന്‍പാണ് ഇവിടെ എത്തിയത്. ബേക്കല്‍ പോലിസ് ഇന്‍സ്പെക്ടര്‍ യു പി വിപിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുന്നു.
أحدث أقدم