പീഡനാരോപണം തിരിച്ചടിച്ചു: ജോണി ഡെപ്പിന് മുൻഭാര്യ മാനനഷ്ടം വരുത്തി; ആംബർ ഹേഡ് 1.5 കോടി ഡോളർ നഷ്ടപരിഹാരം നൽകണം


റിച്ച്മോണ്ട്: ഹോളിവുഡ് നടിയും മുൻഭാര്യയുമായ ആംബര്‍ ഹെര്‍ഡിനെതിരെ നല്‍കിയ മാനനഷ്ടക്കേസിൽ നടൻ ജോണി ഡെപ്പ് വിജയിച്ചു. ആംബര്‍ ഹെര്‍ഡ് ജോണി ഡെപ്പിന് 1.5 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസിലെ കോടതി ഉത്തരവിട്ടു. അതേസമയം, ഡെപ്പിനെതിരെ ആംബര്‍ ഹെര്‍ഡ് നല്‍കിയ മാനനഷ്ടക്കേസുകളിൽ ഒന്നിൽ അവര്‍ക്ക് അനുകൂലമായി വിധി ലഭിച്ചിട്ടുണ്ട്. ഈ കേസിൽ ജോണി ഡെപ്പ് 20 ലക്ഷം ഡോളര്‍ ആംബര്‍ ഹെര്‍ഡിന് നല്‍കേണ്ടി വരും.


ഇരുവരും തമ്മിലുള്ള വിവാഹമോചനത്തിനു ശേഷം ഒരു പത്രത്തിലെഴുതിയ ലേഖനത്തിലാണ് ആംബര്‍ ഹെര്‍ഡ് ജോണി ഡെപ്പിനെതിരെ ആരോപണം ഉന്നയിച്ചത്. ഗാര്‍ഹിക പീഡനത്തിന് ഇരയായ വ്യക്തിയാണ് താൻ എന്നായിരുന്നു ജോണി ഡെപ്പിൻ്റെ പേര് പരാമര്‍ശിക്കാതെ ആംബര്‍ ഹെര്‍ഡ് ലേഖനത്തിൽ ഉയര്‍ത്തിയ വാദം. എന്നാൽ ഇതിനെതിരെ ജോണി ഡെപ്പ് വിര്‍ജിനിയയിലെ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു. കേസിൽ ആറാഴ്ചയോളം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് ജോണി ഡെപ്പിന് അനുകൂലമായ ഉത്തരവ് വന്നത്.

താൻ സന്തോഷവാനാണെന്നും ജൂറി ജീവിതം തിരിച്ചു തന്നെന്നുമായിരുന്നു ജോണി ഡെപ്പ് പ്രതികരിച്ചത്. അതേസമയം, വിധിയിൽ വേദനയുണ്ടെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളിൽ ആശങ്കപ്പെടുത്തുന്ന ഉത്തരവാണെന്നുമായിരുന്നു ആംബര്‍ ഹെര്‍ഡിൻ്റെ പ്രതികരണം.

2018ൽ വാഷിങ്ടൺ പോസ്റ്റിൽ ആംബര്‍ ഹെര്‍ഡ് എഴുതിയ ലേഖനത്തിലെ പരാമര്‍ശങ്ങളാണ് കേസിന്‍റെ തുടക്കം. തനിക്ക് മാനഹാനി വരുത്തുന്ന ആരോപണങ്ങളാണെന്നും അവസരങ്ങള്‍ നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടി ജോണി ഡെപ്പ് കേസുമായി മുന്നോട്ടു പോകുകയായിരുന്നു. എന്നാൽ കോടതിയിൽ ജോണി ഡെപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു ആംബര്‍ ഹെര്‍ഡ് ഉന്നയിച്ചത്. തന്നെ ജോണി ഡെപ്പ് കുപ്പി ഉപയോഗിച്ച് ലൈംഗികമായി ആക്രമിച്ചെന്നും കുപ്പി ഉപയോഗിച്ച് ആക്രമിച്ച് വധിക്കാൻ ശ്രമിച്ചെന്നുമായിരുന്നു ഒരു ആരോപണം. കോടതിമുറിയിൽ ഇരുവരുടെയും വൈകാരികമായ പ്രതികരണങ്ങള്‍ പലപ്പോഴും വാര്‍ത്തയായിരുന്നു. ജോണി ഡെപ്പ് നൽകിയ കേസിനു മറുപടിയെന്നോളം താരം തന്നെ പീഡിപ്പിച്ചെന്നു കാണിച്ച് 100 മില്യൺ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ആംബര്‍ ഹെര്‍ഡിൻ്റെ ഹര്‍ജി.

അതേസമയം, കേസിൽ വിധി വന്നതിനു പിന്നാലെ മീ ടൂ അടക്കമുള്ള ക്യാംപയിനുകളും സമൂഹമാധ്യമങ്ങളിൽ സജീവ ചര്‍ച്ചാവിഷയമായിട്ടുണ്ട്. മീടൂ വിൻ്റെ അന്ത്യം എന്നായിരുന്നു ജോണി ഡെപ്പിനെ പിന്തുണയ്ക്കുന്ന പലരും ട്വിറ്ററിൽ കുറിച്ചത്. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം തനിക്ക് നഷ്ടപ്പെട്ടെന്ന ആംബര്‍ ഹേഡിൻ്റെ വാദത്തെയും പലരും പിന്തുണച്ചു. അതേസമയം, ലൈംഗികാരോപണങ്ങള്‍ നേരിട്ട ഇരകള്‍ നിയമപോരാട്ടത്തിനായി മുന്നോട്ടു വരുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതാണ് വിധിയെന്നായിരുന്നു വനിതാവകാശ പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍.
أحدث أقدم