ലോണെടുത്തും സ്വര്‍ണം വിറ്റും നല്‍കിയ പണം, കണ്ണൂരിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പ്, തട്ടിയെടുത്തത് 16 ലക്ഷം രൂപയും 13 പവനും!!

 


വളപട്ടണം (Kannur): പുതുതായി ആരംഭിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പങ്കാളിയാക്കാമെന്നും ലാഭവിഹിതം തരാമെന്നും വിശ്വസിപ്പിച്ച് മൂന്ന് സ്ത്രീകളില്‍ നിന്നായി 16 ലക്ഷവും 13 പവന്റെ ആഭരണങ്ങളും വാങ്ങിയ യുവാവ് മുങ്ങി. പാപ്പിനിശേരി സ്വദേശിനികളായ അര്‍ഷാന, സബീന, സാബിറ എന്നിവരാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ പാപ്പിനിശേരി സ്വദേശിയായ അബ്ദുള്‍ കരീമിന്റെ മകന്‍ വി.കെ അനസിനെ(40)തിരെ വളപട്ടണം പോലീസ് കേസെടുത്തു. 2014 മുതല്‍ വിവിധ തവണകളായി ഇയാള്‍ സ്ത്രീകളോട് പണം വാങ്ങിയിട്ടുണ്ട്. പാപ്പിനിശേരിയില്‍ പുതുതായി തുടങ്ങുന്ന വസ്ത്രാലയത്തില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. വിശ്വാസം നേടിയെടുത്ത ശേഷം അര്‍ഷാനയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും 13 പവന്റെ ആഭരണങ്ങളും വാങ്ങി. തുടര്‍ന്ന് സബീനയില്‍ നിന്ന് ആറ് ലക്ഷം രൂപയും പുറമെ മൂന്ന് ലക്ഷം രൂപലോണുമെടുത്ത് നല്‍കി. മകന് കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം നല്‍കാമെന്നറിയിച്ചണ് മൂന്ന് ലക്ഷം വാങ്ങിയത്. മൂന്നാമത്തെ പരാതിക്കാരിയായ സാബിറയില്‍ നിന്ന് നാല് ലക്ഷം രൂപയും കൈക്കലാക്കി. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മൂന്നു പേരെയും വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പങ്കാളിയാക്കുകയോ കൊടുത്ത പണം തിരിച്ചുനല്‍കുകയോ ചെയ്യാതെ വിശ്വാസ വഞ്ചന നടത്തുകയായിരുന്നു. തുടര്‍ന്ന് മൂന്നുപേരും കോടതിയെ സമീപിച്ചു. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വളപട്ടണം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

أحدث أقدم