16 കാരിയുടെ അണ്ഡം വിറ്റു, അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ; നാലു വർഷത്തിനിടെ വിറ്റത് 8 തവണ



 



ഈറോഡ് ; 16 വയസുകാരിയുടെ അണ്ഡം വിറ്റ കേസിൽ അമ്മ ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ. കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും ഇടനിലക്കാരിയായി പ്രവർത്തിച്ച മാലതി (36) എന്നിവരാണ് അറസ്റ്റിലായത്.

 ഈറോഡ് സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 4 വർഷത്തിനിടെ 8 തവണ അണ്ഡം വിറ്റതായി പെൺകുട്ടി പൊലീസിൽ പരാതി നൽകി. 

മകൾക്ക് മൂന്നു വയസുള്ളപ്പോൾ മുതൽ ഭർത്താവിൽ നിന്ന് അകന്ന് കഴിയുകയാണ് അമ്മ. ഇവർ അണ്ഡങ്ങൾ വിൽപന നടത്താറുണ്ട്. തുടർന്നാണ് കുട്ടിയേയും ഇതിലേക്ക് കൊണ്ടുവന്നത് എന്ന് പൊലീസ് പറയുന്നു. ഒരു അണ്ഡത്തിനു 20,000 രൂപ വരെയാണ് ഇവർക്ക് ലഭിച്ചിരുന്നത്. ഇതിൽ 5000 രൂപ ഇടനിലക്കാരിയായ മാലതിക്ക് നൽകണം. പെൺകുട്ടിയുടെ വയസ്സ് കൂട്ടി രേഖപ്പെടുത്തി വ്യാജ ആധാർ കാർഡ് തരപ്പെടുത്തിയാണ് അണ്ഡവിൽപന നടത്തിയത്.

അമ്മയുടെ ഭീഷണിയെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന പെൺകുട്ടിയെ രണ്ടാനച്ഛൻ ക്രൂര പീഡനത്തിന് ഇരയാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. തുടർന്ന് വീട്ടിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി ബന്ധുക്കളുടെ അടുത്ത് അഭയം തേടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. 

ഈറോഡ്, സേലം, പെരുന്തുറ, ഹൊസൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ വന്ധ്യതാ ചികിത്സയ്ക്ക് ഇവ വിൽക്കുന്നതായി പൊലീസ് പറഞ്ഞു. ഇത്തരത്തിൽ വൻ സംഘങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. രണ്ടു വർഷം മുൻപ് ഈറോഡ്, സേലം ജില്ലകളിൽ നവജാതശിശുക്കളെ വിറ്റ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. 


أحدث أقدم