ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കി. ഖത്തരി വനിതാ കലാകാരി ബൗഥൈന അല്‍ മുഫ്തയാണ് പോസ്റ്ററുകളെല്ലാം രൂപകല്‍പ്പന ചെയ്തത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന പ്രത്യേക പരിപാടിയിലായിരുന്നു പോസ്റ്റർ പ്രകാശനം.
ആഘോഷത്തിന്റെയും ഫുട്‌ബോള്‍ ലഹരിയുടെയും പ്രതീകമായി പ്രധാന പോസ്റ്റര്‍ പരമ്പരാഗത ശിരോവസ്ത്രങ്ങള്‍ വായുവിലേക്ക് വലിച്ചെറിയുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഖത്തറിന്റെ കലാ-ഫുട്‌ബോള്‍ പാരമ്പര്യത്തിന്റെ പ്രതിഫലനമാണ് ഖത്തര്‍ 2022 ന്റെ ഔദ്യോഗിക പോസ്റ്റര്‍ എന്ന് ഫിഫ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജീന്‍-ഫ്രാങ്കോയിസ് പാത്തി പറഞ്ഞു. ഖത്തറിന്റെ ഫുട്ബോളിനോടുള്ള അഭിനിവേശം ചിത്രീകരിക്കുന്ന ഈ മനോഹരമായ പോസ്റ്ററുകളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു