നിര്‍മ്മലാ സീതാരാമനും ചിദംബരവും രാജ്യസഭയിലേക്ക്; 20 സീറ്റില്‍ എതിരില്ലാതെ ബിജെപി; കോണ്‍ഗ്രസിന് എട്ടു സീറ്റില്‍ ജയം






നിര്‍മ്മല സീതാരാമന്‍, പി ചിദംബരം/ ഫയല്‍
 

ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, ജയറാം രമേശ്, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയവര്‍ വിജയിച്ചു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ, എതിരില്ലാത്ത സ്ഥാനാര്‍ത്ഥികളെയാണ് വിജയികളായി പ്രഖ്യാപിച്ചത്. 

ബിജെപി 20 സീറ്റില്‍ എതിരില്ലാതെ വിജയിച്ചു. കോണ്‍ഗ്രസ് എട്ടു സീറ്റ് നേടി. വൈഎസ്ആര്‍ കോണ്‍ഗ്രസ്(4), സമാജ് വാദി പാര്‍ട്ടി (3), ഡിഎംകെ (3), ബിജെഡി(3), ആം ആദ്മി പാര്‍ട്ടി (2), അണ്ണാ ഡിഎംകെ (2), ടിആര്‍എസ് (2), ജെഡിയു(1), ശിവസേന(1), എന്‍സിപി(1), ജെഎംഎം(1) എന്നിങ്ങനെയാണ് മറ്റു കക്ഷികള്‍ നേടിയ സീറ്റുകള്‍. 

തമിഴ്‌നാട്ടില്‍ നിന്ന് ചിദംബരം അടക്കം ആറുപേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ നിന്ന് ആറു വര്‍ഷത്തിന് ശേഷമാണ് രാജ്യസഭയില്‍ എംപിയുണ്ടാകുന്നത്. കോണ്‍ഗ്രസിന്റെ വിവേക് തന്‍ഖ, ബിജെപിയുടെ സുമിത്ര വല്‍മീകി, കവിത പതീദര്‍ എന്നിവര്‍ മധ്യപ്രദേശില്‍ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 

15 സംസ്ഥാനങ്ങളിലായി 57 രാജ്യസഭാ സീറ്റാണ് ഒഴിവുണ്ടായിരുന്നത്. മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഓരോ സീറ്റിലേക്ക് വീതം തെരഞ്ഞെടുപ്പ് നടക്കും. ഈ മാസം പത്തിനാണ് അവശേഷിക്കുന്ന ഈ സീറ്റുകളിലേക്ക് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക. 
أحدث أقدم