ഒമാൻ: വേനൽകാല അവധി ആരംഭിക്കാൻ ഇരിക്കെ കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് കൂടുതൽ സർവീസുകൾ ഒമാൻ എയർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ നഗരങ്ങളിലെ കോഴിക്കോട്. കൊച്ചി സെക്ടറുകളിലേക്ക് ആണ് കൂടുതൽ സർവീസ് എത്തിയിരിക്കുന്നത്. ബെംഗളൂരു, ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി സെക്ടറുകളിലേക്ക് ഏഴ് വിമാനങ്ങൾ ആണ് സർവീസ് നടത്തുന്നത്. ഇത് കൂടാതെ ഗോവയിലേക്ക് മൂന്ന് വിമാനങ്ങളും സര്‍വീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. കൂടാതെ മലബാർ മേഖലയിലെ യാത്രക്കാർ ഏറെ ആശ്വാസമാകുന്ന ഒരു തീരുമാനവുമായി എയർ ഇന്ത്യ എത്തിയിരിക്കുന്നു. ജൂൺ 21ന് കണ്ണൂരിൽ നിന്ന് ഒമാനിലേക്ക് സർവിസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. കണ്ണൂരിൽനിന്ന് രാത്രി 10.20ന് വിമാനം പുറപ്പെടും ഇത് 12. 20 ന് മസ്കത്തിൽ എത്തും. ഇതേ വിമാനം മസക്റ്റിൽ നിന്നും വൈകീട്ട് 4.30ന് പുറപ്പെടും ഇന്ത്യൻ സമയം 9.30ന് കണ്ണൂരിൽ എത്തും. ആഴ്ചയിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ആയിരിക്കും സർവീസ് ഉണ്ടാകുക.
ഒമാനിൽ നിന്ന് ഗോ ഫസ്റ്റ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനങ്ങൾ ആണ് ഇപ്പോൾ സർവീസ് ഉള്ളത്. എയർ ഇന്ത്യ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നെങ്കിലും തിരുവനന്തപുരം സർവീസ് എയർ ഇന്ത്യ നിർത്തലാക്കിയിരുന്നു. ഇപ്പോൾ കൊച്ചിയിൽ നിന്നും മാത്രമാണ് സർവീസ് ഉള്ളത്. ടാറ്റ ഗ്രൂപ്പ് ഇപ്പോൾ എയർ ഇന്ത്യ ഏറ്റെടുത്തിരുന്നു. ഇതിന് ശേഷം വലിയ മാറ്റങ്ങൾ ആണ് വരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സർവിസ് വർധിപ്പിക്കാൻ കമ്പനി തീരുമാനിച്ചത് എന്നാണ് വിലയിരുത്തുന്നത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങാൻ ആധുനിക സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇവിടെ അന്താരാഷ്ട്ര വിമാനങ്ങൽ വരുന്നത് കുറവാണ്. കൂടുതൽ രാജ്യത്തേക്ക് ഇവിടെ നിന്നും സർവീസുകൾ ഇല്ല.